‘ഖേല്‍ഫെസ്‌ററ് 2022’ സമാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: കൊല്ലം തങ്ങള്‍ കുഞ്ഞു മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ ഖത്തര്‍ അലുമിനി ചാപ്റ്റര്‍ സംഘടിപ്പിച്ച ‘ഖേല്‍ഫെസ്‌ററ് 2022’ എന്ന കായികമാമാങ്കത്തിന് കൊടിയിറങ്ങി.
ഇരുന്നൂറിലധികം വരുന്ന അംഗങ്ങളെ കടപ്പാക്കട ബ്ലാസ്റ്റേഴ്സ് , കിളികൊല്ലൂര്‍ സ്റ്റാര്‍സ്, കുറ്റിച്ചിറ വാരിയേഴ്സ് , കരിക്കോട് തണ്ടേഴ്‌സ് എന്നിങ്ങനെ നാല് ടീമുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
മൂന്ന് മുതല്‍ 55 വരെയുള്ള പ്രായക്കാര്‍ക്കായി ബാഡ്മിന്റണ്‍, ചെസ്സ്, കാരംസ്, ക്രിക്കറ്റ്, ഫുട്‌ബോള്‍, ത്രോബോള്‍, വോളിബോള്‍, ടേബിള്‍ ടെന്നീസ്, ആം റെസ്റ്റ്‌ലിങ്, ഓട്ടം, ലോങ്ങ് ജമ്പ്, ഷോട്ട് പുട് , വടം വലി തുടങ്ങി അന്‍പത്തിയേഴ് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങള്‍ തയ്യാറാക്കിയിരുന്നത്.
നിലവില്‍ സംഘടനയിലെ അംഗങ്ങളായിട്ടുള്ള 1986 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ജയിച്ചിറങ്ങിയവര്‍ ഒന്നുചേര്‍ന്ന് നടത്തിയ ഈ കായികമേള അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമായി.ഒരു മാസം നീണ്ടു നിന്ന പ്രിലിമിനറി റൗണ്ടുകള്‍ക്കു ശേഷം ഫൈനല്‍ മത്സരങ്ങള്‍ അല്‍ വക്ര ഖത്തര്‍ അക്കാദമിയുടെ ഇന്‍ഡോര്‍ കോര്‍ട്ടിലും മൈതാനത്തുമായാണ് നടന്നത്. വീറും വാശിയും ആവേശവും ആവോളം നിറഞ്ഞു നിന്ന മാമാങ്കത്തില്‍ കടപ്പാക്കട ബ്ലാസ്റ്റേഴ്സ് ഓവറോള്‍ ചാംപ്യന്‍ഷിപ് ട്രോഫിയില്‍ മുത്തമിട്ടു.ഖാലിദ്, അശ്വതി, ഫഹീം, റൈദ, ഫൈറൂസ്, രേന, ഫാദില്‍ എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ചാംപ്യന്‍ഷിപ് നേടി.
നാല് ടീമുകളും മനവും മെയ്യുമര്‍പ്പിച്ച് ഇഞ്ചോടിഞ്ചു പൊരുതിയപ്പോള്‍ സംഘാടകരായി ചുക്കാന്‍ പിടിച്ചത് സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ജുനൈദ്, ഷിയാദ് അബ്ദുല്‍ റഹിം, ഫയാസ് ഇബ്രാഹിംകുട്ടി, ഷിഹില്‍ സുബൈര്‍, മുഹമ്മദ് ധനീഷ് എന്നിവരാണ്. 1998 -ല്‍ രൂപം കൊണ്ട ഈ പൂര്‍വവിദ്യാര്‍ത്ഥിസംഘടനയുടെ പ്രസിഡന്റായി അനില്‍ കുമാര്‍ സുകുമാരനും മറ്റു ഭാരഭാഹികള്‍ ആയി ഗോകുല്‍നാഥ് , സഫീറ സലീല്‍, സതീഷ് ചന്ദ്രന്‍, മുഹമ്മദ് ഹാദി എന്നിവരും നിലവില്‍ പ്രവര്‍ത്തിക്കുന്നു.