ഉണര്‍ന്നിരിക്കുന്ന രോഗിയില്‍ നിന്നും ബ്രെയിന്‍ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഉണര്‍ന്നിരിക്കുന്ന രോഗിയില്‍ നിന്നും ബ്രെയിന്‍ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ന്യൂറോ സര്‍ജന്‍മാരുടെ ഒരു സംഘമാണ് ഗ്ലിയോമ എന്നറിയപ്പെടുന്ന സങ്കീര്‍ണ്ണമായ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തത്. ഇന്‍ട്രാ-ഓപ്പറേറ്റീവ് ന്യൂറോ മോണിറ്ററിംഗും ന്യൂറോ സൈക്കോളജിക്കല്‍ പിന്തുണയും ഉപയോഗിച്ചാണ് ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയ സമയത്ത് ഉണര്‍ന്ന് ബോധവാനായിരുന്ന 40 വയസ്സുള്ള രോഗി, ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം നല്ല ആരോഗ്യത്തോടെ ആശുപത്രി വിട്ടതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.
ഏറ്റവും പുതിയ എം.ആര്‍. ഐ, 3ഡി ബ്രെയിന്‍ മാപ്പിംഗ്, ഇമേജിംഗ് ടെക്‌നോളജി എന്നിവ ഉപയോഗിച്ച് 5 മണിക്കൂര്‍ നീണ്ടുനിന്ന ഈ നടപടിക്രമം എച്ച്.എം.സിയിലെ ന്യൂറോ സര്‍ജറി, ന്യൂറോ-ഇന്റര്‍വെന്‍ഷന്‍ കണ്‍സള്‍ട്ടന്റായ ഡോ. ഘായ അല്‍-റുമൈഹിയുടെ നേതൃത്വത്തില്‍ 10 സര്‍ജറി പ്രൊഫഷണലുകളുടെ ഒരു സംഘമാണ് നടത്തിയത്. . ന്യൂറോ സര്‍ജറി സ്പെഷ്യലിസ്റ്റ് ഡോ. അരുണ്‍ ആര്‍. സൗരന്‍, അനസ്തേഷ്യ കണ്‍സള്‍ട്ടന്റ് ഡോ. കിഷോര്‍ കുമാര്‍, ന്യൂറോ സൈക്കോളജി കണ്‍സള്‍ട്ടന്റ് ഡോ. ജോണ്‍ ബെര്‍കിന്‍സ്, ന്യൂറോ സര്‍ജറി വിഭാഗത്തിലെ റസിഡന്റ് ഫിസിഷ്യന്‍മാരായ ഡോ. അബ്ദുല്ല ഒ. ഒലയ്യന്‍, ഡോ. മുഹ്സിന്‍ ഖാന്‍ ബ്രെയിന്‍ ഇലക്ട്രോഫിസിയോളജിസ്റ്റ് മുഹമ്മദ് അല്‍ ഗാസു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സര്‍ജറി നഴ്സിംഗ് ടീം ലീഡ് നജ്ല ഫാത്തിയും അനസ്‌തേഷ്യ ടെക്നീഷ്യന്‍മാരും ആവശ്യമായ പിന്തുണ നല്‍കി.