പെരുന്നാള്‍ അവധിക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ്-19 മുന്‍കരുതല്‍ ഉപദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പെരുന്നാള്‍ അവധിക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ്-19 മുന്‍കരുതല്‍ ഉപദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്. കോവിഡ് നിയന്ത്രണങ്ങള്‍ മിക്ക രാജ്യങ്ങളും എടുത്ത് കളഞ്ഞിട്ടുണ്ടെങ്കിലും തങ്ങളുടേയും കുടുംബത്തിന്റേയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ എല്ലാവരും കണിശമായ നിയന്ത്രണങ്ങള്‍ സ്വയം പാലിക്കണമെന്ന് മന്ത്രാലയം ഉദ്‌ബോധിപ്പിച്ചു.
എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും വേണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ പതിവായി കഴുകുക അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക, മറ്റുള്ളവരെ അഭിവാദ്യം ചെയ്യുമ്പോള്‍, കൈ കൊടുക്കുന്നത് ഒഴിവാക്കുകയും ശാരീരിക അകലം സൂക്ഷിക്കുകയും ചെയ്യുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും മറയ്ക്കാന്‍ സ്ലീവോ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുക, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ മാസ്‌ക് ധരിക്കുക, കൂട്ടംകൂടുന്നതും തിരക്കേറിയതും വായുസഞ്ചാരമില്ലാത്തതുമായ സ്ഥലങ്ങളില്‍ പോകുന്നതും പരമാവധി ഒഴിവാക്കുക എന്നിവ കോവിഡ് പ്രതിരോധത്തില്‍ പ്രധാനമാണ് .
യോഗ്യതയുള്ള എല്ലാ വ്യക്തികളോടും അവരുടെ കോവിഡ് 19 ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ മന്ത്രാലയം ആഹ്വാനം ചെയ്തു. 6 മാസത്തിന് മുമ്പ് രണ്ടാം ഡോസ് പൂര്‍ത്തിയാക്കിയ 12 വയസും അതിനുമുകളിലും പ്രായമുള്ള ആര്‍ക്കും ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുണ്ട്, യോഗ്യരായ ആളുകള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 28 പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും ബു ഗാര്‍നിലെ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും ബൂസ്റ്റര്‍ ഡോസ് ലഭിക്കും. നിലവില്‍, 12 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് ഫൈസര്‍ വാക്സിനും 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് മോഡേണ വാക്സിനുമാണ് പൊതുജനാരോഗ്യ മന്ത്രാലയം നല്‍കുന്നത്.
വിവിധ കാരണങ്ങളാല്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും പ്രായമായവര്‍ക്കും നാലാം ഡോസ് വാക്‌സിനും ലഭ്യമാണെന്ന കാര്യം മന്ത്രാലയം ഓര്‍മിപ്പിച്ചു.