Archived Articles

ആയിരങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ പരിചയപ്പെടുത്തി കള്‍ച്ചറല്‍ ഫോറം കാമ്പയിന്‍ സമാപിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ: ‘പ്രവാസി ക്ഷേമ പദ്ധതികള്‍ അറിയാം’ എന്ന തലക്കെട്ടില്‍ ഒരു മാസക്കാലമായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച് വരുന്ന കാമ്പയിന് സമാപിച്ചു.

നോര്‍ക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോര്‍ഡ് എന്നിവയുടെ വിവിധ പദ്ധതികള്‍, ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, പദ്ധതികള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച കാമ്പയിന്‍ വഴി നൂറുകണക്കിന് ആളുകള്‍ വിവിധ പദ്ധതികളില്‍ അംഗങ്ങളായി. കാമ്പയിന് മുന്നോടിയായി സംഘടിപ്പിച്ച റിസോഴ്‌സ് പേഴ്‌സണ്‍ വര്‍ക്ക്‌ഷോപ്പിലൂടെ പരിശീലിപ്പിച്ച വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, മിസയീദ്, ഉം സലാല്‍ എന്നിവിടങ്ങളിലെ വിവിധ ലേബര്‍ കാമ്പുകള്‍, ദോഹ ജദീദിലെ ബാച്ചിലര്‍ അക്കമഡേഷനുകള്‍ വിവിധ കമ്പനികളുടെ താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ഗ്രാന്റ് മാള്‍, സഫാരി മാള്‍, ദോഹ സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളിലും ക്ഷേമനിധി ബൂത്തുകള്‍ സ്ഥാപിച്ചും വക്ര സൂഖ്, ഫുര്‍ജ്ജാന്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലേക്കും വീട്ടു ജോലിക്കാര്‍ ഹൗസ് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കായും പ്രത്യേക കാരവന്‍ സംഘടിപ്പിച്ചും, പ്രാദേശിക കൂട്ടയ്മകളുമായി ചേര്‍ന്ന് പ്രവാസി സംഗങ്ങള്‍ സംഘടിപ്പിച്ചും ആയിരക്കനക്കിന് ആളുകള്‍ക്ക് ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തി. കൂടാതെ കാമ്പയിന്‍ കാലയളവില്‍ നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ ജില്ലാക്കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ക്ഷേമപദ്ധതി ബൂത്തുകളും സംഘടിപ്പിച്ചിരുന്നു. സ്ത്രീകള്‍ക്ക് മാത്രമായൊരു ദിവസം സംഘടിപ്പിച്ച ബൂത്ത് വീട്ടു ജോലി വിസയിലുള്ള അനേകം സ്ത്രീകള്‍ക്ക് അനുഗ്രഹമായി.

കാമ്പയിന്‍ സമാപനവും പദ്ധതി പ്രഖ്യാപനവും തുമാമയിലെ ഐ.ഐ.സി.സി ഹാളി വച്ച് നടന്നു. ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡണ്ട് വിനോദ് വി നായര്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. ഹൗസ് മെയ്ഡ് വിസക്കാരായ നിര്‍ദ്ധന സ്ത്രീകള്‍ക്ക് ഒരു വര്‍ഷത്തേക്ക് സഫാരി ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ധാരണ പത്രം സഫാരി ഗ്രൂപ്പ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അനൂപ് കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദിനു കൈമാറി.

കാമ്പയിന്‍ കാലയളവില്‍ ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് വരി ചേര്‍ത്തവരുടെ രേഖകള്‍ കള്‍ച്ചറല്‍ ഫോറം സെക്രട്ടറി സിദ്ദീഖ് വേങ്ങര ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡണ്ട് വിനോദ് വി നായര്‍ക്ക് കൈമാറി. താഴ്ന്ന വരുമാനക്കാരായവരെ കേരളാ സര്‍ക്കാര്‍ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് വഴി നടപ്പാക്കുന്ന പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് കെയര്‍ ആന്റ് ക്യുവര്‍ എം.ഡി ഇ.പി അബ്ദുറഹ്മാന്‍ കള്‍ച്ചറല്‍ ഫോറം വൈസ്പ്രസിഡണ്ട് ചന്ദ്രമോഹനനു കൈമാറി.

ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഗ്രാന്റ് മാള്‍ റിജ്യണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, ബ്രാഡ്മ ഗ്രൂപ്പ് എം.ഡി ഹാഷിം കെയര്‍ ആന്റ് ക്യുവര്‍ എം.ഡി ഇ.പി അബ്ദുറഹ്മാന്‍, സഫാരി ഗ്രൂപ്പ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അനൂപ്, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് കമ്മറ്റി തലവന്‍ കെ ജയരാജ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ ചേരേണ്ട പ്രായപരിധി അറിയാത്തവര്‍, പെന്‍ഷന്‍ അര്‍ഹനായിട്ടും അതിന് അപേക്ഷിക്കേണ്ട വഴി അറിയാത്തവര്‍,മാസാന്ത പ്രീമിയം അടക്കാന്‍ പ്രയാസപ്പെടുന്നവര്‍, ഇങ്ങനെയുള്ള കുറെ ആളുകളെ കാമ്പയിന്‍ കാലത്ത് കണ്ടെത്തുകയും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയെന്നും കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷ പ്രഭാഷണത്തില്‍ പറഞ്ഞു. കാമ്പയിന്‍ കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ചന്ദ്രമോഹനന്‍ സപാപന പ്രസംഗവും നടത്തി. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി മജീദ് അലി, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്നും വൈകുന്നേരങ്ങളില്‍ കള്‍ച്ചറല്‍ ഫോറം ഓഫീസ് കേന്ദ്രീകരിച്ച് നോര്‍ക്ക, പ്രവാസി ക്ഷേമ പദ്ധതികള്‍ ചേരാനുളള ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് കള്‍ച്ചറല്‍ ഫോറം ഭാരാവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!