തര്‍ഷീദ് പദ്ധതിയുടെ രണ്ടാം ഘട്ടം 4 ബില്യണ്‍ റിയാലിലധികം ലാഭിച്ചു: മന്ത്രി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ദേശീയ കണ്‍സര്‍വേഷന്‍ ആന്റ് എനര്‍ജി എഫിഷ്യന്‍സിയുടെ (തര്‍ഷീദ്) രണ്ടാം ഘട്ടം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 4 ബില്യണ്‍ റിയാലിലധികം ലാഭിച്ചതായി ഊര്‍ജകാര്യ സഹമന്ത്രി സഅദ് ബിന്‍ ഷെരീദ അല്‍ കഅബി അഭിപ്രായപ്പെട്ടു. തര്‍ഷീദിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022 ഏപ്രിലില്‍ ആരംഭിച്ച് 2030 വരെ തുടരുന്ന പരിപാടിയുടെ മൂന്നാം ഘട്ടത്തില്‍ ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. ഊര്‍ജ വിനിയോഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സുസ്ഥിരതയുമായി ബന്ധപ്പെട്ട സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനും പുറമെ ഖത്തറിന്റെ വൈദ്യുത വാഹന തന്ത്രത്തിന്റെ മേഖലയിലെ പ്രവര്‍ത്തനവും 2025 ഓടെ 1,000 ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണവും ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് ഈ രംഗത്ത് നടപ്പാക്കുന്നത്.
ഊര്‍ജ്ജ കാര്യക്ഷമതയില്‍ സുസ്ഥിര ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഖത്തറിലെ പുനരുപയോഗ ഊര്‍ജം വിനിയോഗിക്കുന്നതിന്റെ വിപുലീകരണത്തിനും വേണ്ടിയുള്ള ദേശീയ പരിപാടി ഖത്തര്‍ ദേശീയ ദര്‍ശനം 2030, ഖത്തര്‍ ദേശീയ വികസന തന്ത്രം 2018-2022, ഖത്തര്‍ നാഷണല്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് സ്ട്രാറ്റജി 2021-2025, യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി കഴിഞ്ഞ ദശകത്തിന്റെ ആദ്യ പകുതിയില്‍ ആരംഭിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് പുറമേ വൈദ്യുതിയുടെയും ജലത്തിന്റെയും വിനിയോഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക, ഊര്‍ജ്ജ സ്രോതസ്സുകള്‍ ഒപ്റ്റിമൈസ് ചെയ്യുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുക, യുക്തിസഹമായ കമ്മ്യൂണിറ്റികളുടെയും സ്മാര്‍ട്ട് സിറ്റികളുടെയും വികസനത്തില്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് തര്‍ഷീദിന്റെ സുപ്രധാന ലക്ഷ്യങ്ങളെന്ന് മന്ത്രി പറഞ്ഞു.