ബര്‍ഷിമിന് ഗോള്‍ഡന്‍ ഹാട്രിക് , ലോക ഹൈജംപ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാമതും സ്വര്‍ണം നേടുന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കി ഖത്തര്‍ താരം
അമാനുല്ല വടക്കാങ്ങര
ദോഹ. ബര്‍ഷിമിന് ഗോള്‍ഡന്‍ ഹാട്രിക് , ലോക ഹൈജംപ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാമതും സ്വര്‍ണം നേടുന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കി ഖത്തര്‍ താരം . യുഎസിലെ യൂജിനിലെ ഹേവാര്‍ഡ് ഫീല്‍ഡില്‍ തിങ്കളാഴ്ച വൈകുന്നേരം (ചൊവ്വാഴ്ച പുലര്‍ച്ചെ) നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഒറിഗോണ്‍ 22 ലാണ് ഖത്തറിന്റെ മുതാസ് ബര്‍ഷിം 2.37 മീറ്റര്‍ ചാടി അപൂര്‍വ ബഹുമതി സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ തംബെരിയുമായി ഒളിമ്പിക്സ് സ്വര്‍ണം പങ്കിട്ട ബാര്‍ഷിം, തന്റെ സീസണിലെ ഏറ്റവും മികച്ച 2.30 മീറ്ററിനപ്പുറം മികച്ച രീതിയില്‍ കുതിച്ചു ചാടി പുതിയ ഉയരം കീഴടക്കുകയായിരുന്നു.
എന്നാല്‍ 31 കാരനായ ബര്‍ഷിം കുറ്റമറ്റ ജമ്പുകളുമായി ഉയര്‍ന്നുവരുന്ന ബാറിന് മുകളിലൂടെ പറന്നുകൊണ്ടിരുന്നപ്പോഴും എതിരാളികള്‍ പൊരുതിക്കളിച്ചു. ബര്‍ഷിം 2.35 മീറ്ററും പിന്നീട് 2.37 മീറ്ററും പിന്നിട്ടു.സ്വര്‍ണം ഉറപ്പിച്ചതോടെ 2.42 എന്ന ചാമ്പ്യന്‍ഷിപ്പ് റെക്കോഡിലേക്ക് ഒറ്റ ശ്രമത്തിന് പോയെങ്കിലും സാധിച്ചില്ല.
സ്വര്‍ണമെഡലുകളുടെ ഹാട്രിക് നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ ഹൈജംപ് അത്ലറ്റാണ് ഖത്തറിന്റെ മുതാസ് ബര്‍ഷിം . കഴിഞ്ഞ വര്‍ഷം ടോക്കിയോ ഒളിമ്പിക്‌സ് 2020 സ്വര്‍ണം, 2012-ല്‍ ലണ്ടനിലും 2016ല്‍ റിയോവിലും രണ്ട് ഒളിമ്പിക് വെള്ളി മെഡലുകള്‍. 2010-ലെ ഗ്വാങ്ഷൂവിലും 2014ല്‍ ഇഞ്ചിയോണിലും നേടിയ രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡലുകള്‍ എന്നിവയും ബര്‍ഷിമിന്റെ പേരിലുണ്ട്.
ലോക ജൂനിയര്‍, ഏഷ്യന്‍ ജൂനിയര്‍ സ്വര്‍ണ്ണ മെഡലുകള്‍ (2010 ല്‍ നേടിയത്) കൂടാതെ ആറ് ഏഷ്യന്‍ ഇന്‍ഡോര്‍ സ്വര്‍ണ്ണ മെഡലുകള്‍ (2010 മുതല്‍ 2018 വരെ ഒരു ലോക മിലിട്ടറി ഗെയിംസ് സ്വര്‍ണ്ണം (റിയോ 2011), പാന്‍ അറബ് ഗെയിംസ് സ്വര്‍ണ്ണം (2011 ദോഹ) എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്.