മിന്‍സക്ക് ഖത്തറിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
അമാനുല്ല വടക്കാങ്ങര
ദോഹ: കഴിഞ്ഞ ദിവസം ഖത്തറില്‍ മരിച്ച മലയാളി ബാലിക മിന്‍സ മറിയം ജേക്കബിന് ഖത്തറിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്ന് വൈകുന്നേരം വകറ ആശുപത്രി മോര്‍ച്ചറി പരിസരത്ത് നിരവധി പേരാണ് ആദരാജ്ഞലികളര്‍പ്പിക്കാനെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടവും മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. നാളെ പുലര്‍ച്ചെ 1.30 ന് ദോഹയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കുളള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ മിന്‍സയുടെ മൃതദേഹം കൊണ്ടുപോകും.
മിന്‍സയുടെ മരണം വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച ഗൗരവമേറിയ ചര്‍ച്ചക്ക് തിരികൊളുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സുരക്ഷക്ക് രാജ്യം അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ കണിശമായ നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി.
അതിനിടെ മിന്‍സയുടെ മരണവുമായി ബന്ധപ്പെട്ട് മലയാളിയടക്കം മൂന്ന് ബസ്സ് ജീവനക്കാര്‍ അറസ്റ്റിലായതായാണ് സൂചന. ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
അല്‍ വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്‍ഡര്‍ഗാര്‍ട്ടനിലെ കെ.ജി വിദ്യാര്‍ത്ഥിനി മിന്‍സ മറിയം ജേക്കബ് ആണ് കഴിഞ്ഞ ദിവസം തന്റെ നാലാം പിറന്നാള്‍ ദിനത്തില്‍ ബസ്സിനുള്ളില്‍ മരിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശിയായ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും മകളാണ് .