
അല്‍ ബിദ്ദ പാര്‍ക്കിലെ വാദി അല്‍ സെയില്‍ ഏരിയ അടച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ ബിദ്ദ പാര്‍ക്കിലെ വാദി അല്‍ സെയില്‍ ഏരിയ അടച്ചു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിന്റെ ഭാഗമായി അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കുന്ന ഫിഫ ഫാന്‍ ഫെസ്റ്റിവലിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനാണ് അടച്ചുപൂട്ടലെന്നും ലോകകപ്പ് ആരംഭിക്കുന്നത് വരെ അടച്ചിടുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സുപ്രീം കമ്മറ്റി ഇക്കാര്യം അറിയിച്ചത്.
ഫിഫ ഫാന്‍ ഫെസ്റ്റിവലിന് 40,000 സന്ദര്‍ശകര്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയുണ്ടാകും. എല്ലാ മത്സരങ്ങളും വലിയ സ്‌ക്രീനുകളില്‍ തത്സമയം കാണിക്കുകയും സ്റ്റേജ് പ്രകടനങ്ങള്‍, ഭക്ഷണ-പാനീയ ഔട്ട്‌ലെറ്റുകള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, സ്‌പോണ്‍സര്‍ ആക്ടിവേഷനുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറുകയും ചെയ്യുന്നതിനാല്‍ അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കുന്ന ഫിഫ ഫാന്‍ ഫെസ്റ്റിവലിലേക്ക് ഫുട്‌ബോള്‍ ആരാധകര്‍ ഒഴുകിയെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.