81 ബില്യണ്‍ റിയാലിന്റെ പുതിയ വികസന പദ്ധതികളുമായി അഷ്ഗാല്‍ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചു

ദോഹ: പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍, 81 ബില്യണ്‍ റിയാലിന്റെ പുതിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചു.
പൊതുമരാമത്ത് അതോറിറ്റി പ്രസിഡന്റ് എഞ്ചിനീയര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍-മീര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
ഈ പദ്ധതികളില്‍ ഒരു പ്രധാന ഭാഗം പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) നടപ്പിലാക്കുമെന്നും പൗരന്മാരുടെ ഭൂമി പ്ലോട്ടുകളുടെ വികസനത്തില്‍ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവശ്യ മേഖലകള്‍ക്കായി സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണവും നഗര വികാസത്തെ പിന്തുണയ്ക്കുന്നതിനുള്ള മഴവെള്ള ഡ്രെയിനേജ് പദ്ധതികളും പുതിയ പദ്ധതികളില്‍ ഉള്‍പ്പെടും.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി, റോഡുകള്‍, ലൈറ്റിംഗ്, പാര്‍ക്കിംഗ്, ലാന്‍ഡ്സ്‌കേപ്പിംഗ് എന്നിവയുള്‍പ്പെടെ 5,500 ലധികം ഭവന പ്ലോട്ടുകള്‍ക്കായി സംയോജിത അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അഷ്ഗല്‍ പദ്ധതിയിടുന്നു. കൂടാതെ, അല്‍ വക്ര, അല്‍ വുകൈര്‍ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ രണ്ടാം ഘട്ടവും പരിഗണനയിലാണ്.