
റിക്രൂട്ട്‌മെന്റ് വ്യവസ്ഥകള്‍ ലംഘിച്ച അഞ്ച് ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടി തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: വിദേശത്ത് നിന്ന് ലേബര്‍ റിക്രൂട്ട്മെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നടപടിക്രമങ്ങളും ലംഘിച്ചതിന് അഞ്ച് ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പരിശോധനാ കാമ്പെയ്നുകളുടെ തുടര്‍ച്ചയായാണിതെന്ന് മന്ത്രാലയം ട്വിറ്റ് ചെയ്തു.
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പുറപ്പെടുവിച്ച തീരുമാനങ്ങള്‍ ലംഘിച്ചതിന് 12 ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുകള്‍ മന്ത്രാലയം കഴിഞ്ഞ ആഴ്ച അടച്ചുപൂട്ടിയിരുന്നു.
ഗാര്‍ഹിക തൊഴിലാളികളുടെ ഗ്യാരന്റി നീട്ടാനുള്ള തീരുമാനം നടപ്പാക്കുന്നതുമായോ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിന് നിശ്ചയിച്ച പരമാവധി ചാര്‍ജ് സംബന്ധിച്ചോ പരാതിയുള്ളവര്‍ 40288101 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ info@mol.gov.qa എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.