
ഫിഫ ലോകകപ്പിന് സമഗ്രമായ ഇന്‍സിഡന്റ് പ്രതികരണ പദ്ധതിയുമായി ഖത്തര്‍ സജ്ജം
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോകകപ്പിന് സമഗ്രമായ ഇന്‍സിഡന്റ് പ്രതികരണ പദ്ധതിയുമായി ഖത്തര്‍ സജ്ജം. പൊതുജനാരോഗ്യ മന്ത്രാലയവും, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ , പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പരിപാലന പങ്കാളികളും ഖത്തറിലെ മറ്റ് പ്രധാന ആശുപത്രികളും ഫിഫ 2022 ഖത്തര്‍ ലോകകപ്പില്‍ ആവശ്യമെങ്കില്‍ സമഗ്രമായ സംഭവ പ്രതികരണ പദ്ധതികള്‍ സജീവമാക്കാനും വിന്യസിക്കാനും തയ്യാറാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പൊതുജനാരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സ്പോര്‍ട്സ് ഫോര്‍ ഹെല്‍ത്ത് പങ്കാളിത്തത്തിന്റെ ഭാഗമായി, പ്രതികരണ പദ്ധതികളുടെ വികസനത്തിന് പിന്തുണ നല്‍കുന്നതിനായി ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള ദുരന്ത നിവാരണ വിദഗ്ധര്‍ ഖത്തര്‍ വിദഗ്ധര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു.
സമീപ വര്‍ഷങ്ങളില്‍ ഖത്തര്‍ ഒന്നിലധികം ഉന്നത കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നും ഈ ടൂര്‍ണമെന്റുകളുടെ വിജയകരമായ നടത്തിപ്പിനെ പിന്തുണയ്ക്കുന്നതില്‍ ആരോഗ്യ സംരക്ഷണ സംവിധാനം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ അത്യാഹിത വിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ ഹാജിരി വിശദീകരിച്ചു.