ഒറ്റ ദിവസം മൂന്ന് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ച് ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്നലെ ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിക്ക് വളരെ തിരക്കുപിടിച്ച ദിനമായിരുന്നു. അല്‍ ഇഹ് സാന്‍ ചെയര്‍മാന്‍ മഹ് ബൂബ് നാലകത്തിന്റേയും ജനറല്‍ കണ്‍വീനര്‍ ഖാലിദ് കല്ലുവിന്റേയും നേതൃത്വത്തില്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലുകളും പരിശ്രമങ്ങളും കാരണമാണ് മൂന്ന് മലയാളികളുടെ മൃതദേഹങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കായി നാട്ടിലേക്കയക്കാനായത്.
രാവിലെ 8.10 ന് കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വാഹനമിടിച്ച് മരിച്ച സുബൈര്‍ മൗലവിയുടെ മയ്യിത്ത് കയറ്റി അയച്ചു കഴിഞ്ഞപ്പോഴാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞ വീട്ടു ജോലിക്കാരായായ ഒയൂര്‍ കൊല്ലം സ്വദേശിനി നദീറയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുളള സഹായം തേടി സാമൂഹ്യ പ്രവര്‍ത്തകരെത്തിയത്. വളരെ വേഗത്തില്‍ എല്ലാ കടലാസ് വര്‍ക്കുകളും പൂര്‍ത്തിയാക്കി
ഉച്ചക്ക് ശേഷം മുങ്ങി മരിച്ച അന്‍സില്‍ കുറ്റിക്കാട്ടൂരിന്റെ മൃതദേഹം ഖത്തര്‍ എയര്‍വേയ്‌സിന്റെ കോഴിക്കോട്ടേക്കുളള വിമാനത്തില്‍ കയറ്റി അയക്കുന്നതുവരെയും കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി പ്രവര്‍ത്തകര്‍ വിവിധ ഓഫീസുകളിലേക്ക് ഓടുകയായിരുന്നു.
ഊണും ഉറക്കവുമില്ലാതെ മാനവ സേവനത്തിന്റെ മഹിത മാതൃക അടയാളപ്പെടുത്തുന്ന ഈ സംഘത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല.