ഖത്തര്‍ സസ്‌റ്റൈനബിലിറ്റി വീക്കിന്റെ ഏഴാം പതിപ്പിന് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഫൗണ്ടേഷന്‍ അംഗമായ എര്‍ത്ത്ന സെന്റര്‍ ഫോര്‍ എ സസ്റ്റൈനബിള്‍ ഫ്യൂച്ചറിന്റെ ആഭിമുഖ്യത്തില്‍
300 ലധികം കമ്മ്യൂണിറ്റി ബിസിനസ്സ് കേന്ദ്രീകൃതവുമായ പ്രവര്‍ത്തനങ്ങളോടെ ഖത്തര്‍ സസ്‌റ്റൈനബിലിറ്റി വീക്കിന്റെ ഏഴാം പതിപ്പിന് ഉജ്വല തുടക്കം .
രാജ്യത്തിന്റെ സുസ്ഥിര ദര്‍ശനം പ്രോത്സാഹിപ്പിക്കാനാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പെയിന്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലാ ഓര്‍ഗനൈസേഷനുകള്‍, ബിസിനസുകള്‍, പ്രാദേശിക സമൂഹം എന്നിവയെ ഒരുമിപ്പിച്ച് 300-ലധികം സുസ്ഥിരതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ഇവന്റുകള്‍, സംരംഭങ്ങള്‍ എന്നിവയാണ് കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ വര്‍ഷത്തെ സസ്‌റ്റൈനബിലിറ്റി വീക്ക് ഒക്ടോബര്‍ 15 വരെ നീണ്ടുനില്‍ക്കും. വെള്ളം, ഊര്‍ജ്ജം, ഭക്ഷണം എന്നിവയുള്‍പ്പെടെയുള്ള വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികളിലാണ് കാമ്പയിന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഖത്തര്‍ സസ്‌റ്റൈനബിലിറ്റി വീക്കിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം മുഷൈറിബ് മ്യൂസിയത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അധികൃതര്‍ വിശദീകരിച്ചത്.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി സുസ്ഥിരതയ്ക്ക് സഹകരിച്ചുള്ള സമീപനം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
സുസ്ഥിര വികസനം കൈവരിക്കാനുള്ള ഖത്തറിന്റെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്, ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ഗവണ്‍മെന്റ്, സ്വകാര്യ മേഖല, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായി ഖത്തറിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും നിലവിലുള്ളതും ഭാവി തലമുറയ്ക്കും ജീവിക്കാനും ജോലി ചെയ്യാനും സുരക്ഷിതവും ആരോഗ്യകരവുമായ സ്ഥലമാക്കി മാറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.