ഖത്തര്‍ മലയാളി ഇന്‍ഫ്‌ലുവന്‍സേഴ്‌സ് കൂട്ടായ്മയുടെ രണ്ടാമത് മെഗാ മീറ്റ് ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ മലയാളി ഇന്‍ഫ്‌ലുവന്‍സേഴ്‌സ് കൂട്ടായ്മയുടെ രണ്ടാമത് മെഗാ മീറ്റ് വെള്ളിയാഴ്ച (ഒക്ടോബര്‍ 14) ദോഹയിലെ മില്ലേനിയം പ്ലാസ ഹോട്ടലില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിശിഷ്ടാതിഥിയായി പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ അബിഷാദ് ഗുരുവായൂര്‍ പങ്കെടുക്കും.
ഖത്തറിലെ മലയാളി യൂട്യൂബര്‍മാര്‍ക്കായി ഒരു ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയുടെ ആവശ്യകത തിരിച്ചറിഞ്ഞ് യുട്യൂബര്‍മാരായ ലിജി അബ്ദുള്ള, ഷാന്‍ റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച കൂട്ടായ്മയാണ് ഖത്തര്‍ മലയാളി ഇന്‍ഫ്‌ലുവന്‍സേഴ്‌സ്.
സ്ഥാപക അംഗങ്ങളായ ഒമ്പത് യൂട്യൂബര്‍മാരും വിവിധ വിഭാഗങ്ങളിലായി ചാനലുകളുള്ളവരും 2019 ജനുവരിയില്‍ ഒത്തുചേര്‍ന്നു.
അംഗങ്ങള്‍ക് വ്‌ലോഗിംഗ് ഉപകരണങ്ങള്‍ പരിചയപ്പെടുത്തുക, വ്‌ലോഗിംഗ് വിഷയങ്ങളും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, യു ട്യൂബ് ലൈവ് ഓപ്ഷന്‍ എങ്ങനെ ഉപയോഗിക്കാം, കുക്കറി വീഡിയോകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സംശയങ്ങള്‍ക്ക് മറുപടി തുടങ്ങിയ സാങ്കേതികവും അല്ലാത്തതുമായ നിരവധി വിഷയങ്ങളെക്കുറിച്ച് മെമ്പര്‍മാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്ന അംഗങ്ങള്‍ തങ്ങള്‍ ജീവിക്കുന്ന രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതിനോടൊപ്പം, സാംസ്‌കാരിക മൂല്യങ്ങള്‍, സദാചാര മൂല്യങ്ങള്‍, ഭരണ കര്‍ത്താക്കളോടുള്ള ബഹുമാനം, കടപ്പാട് എന്നിവ മുറുകെപ്പിടിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
യൂട്യൂബര്‍മാരില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ഗ്രൂപ്പ് കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവരെയും ചേര്‍ത്ത് ‘ഖത്തര്‍ മലയാളി ഇന്‍ഫ്‌ലുന്‍സര്‍സ് എന്ന് പുനര്‍നാമകരണം ചെയ്യാനും തീരുമാനിച്ചു.
ഖത്തര്‍ മലയാളി യൂട്യൂബേഴ്സ് എന്ന പേരില്‍ ആദ്യ മീറ്റ് 2019 ഏപ്രില്‍ 29 ന് ബര്‍വ വില്ലേജിലെ വേമ്പനാട് റെസ്റ്റോറന്റിലാണ് സംഘടിപ്പിച്ചത്. വിവിധ സെഷനുകളിലായി ഖത്തറിലുള്ള മുപ്പതോളം സ്രഷ്ടാക്കള്‍ അവരുടെ അനുഭവവും വൈദഗ്ധ്യവും ആശയങ്ങളും പങ്കിട്ടു.
‘അണ്‍ലോക്കിംഗ് ദ സെലിബ്രിറ്റി ഇന്‍ഫ്‌ലുവന്‍സര്‍’ എന്ന വിഷയത്തില്‍ വര്‍ക്ക്‌ഷോപ്പാണ് ഇന്ന് നടക്കുന്ന രണ്ടാമത് മെഗാ മീറ്റിലെ പ്രധാന പരിപാടി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്യുന്നവര്‍ക്കും കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ശില്‍പശാലയായിരിക്കും ഇതെന്ന് സംഘാടകര്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധി മൂലം സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, യാത്രകള്‍, വ്‌ലോഗ്ഗിങ് തുടങ്ങിയവ നിര്‍ത്തിയവരോ, പിന്നോക്കം പോയവരോ ആയ അംഗങ്ങള്‍ക്ക് വീണ്ടും ഊര്‍ജസ്വലതയോടെ തിരിച്ചു വരുന്നതിന് ഈ കൂടിച്ചേരല്‍ ഗുണം ചെയ്യും .
കൂടാതെ ഖത്തര്‍ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്ന വേളയില്‍ ക്രിയാത്മകമായി കണ്ടന്റ് ക്രിയേറ്റ് ചെയ്ത് എങ്ങിനെ ഈ മഹാ ഇവന്റില്‍ പങ്കാളികളാകാം എന്നും വര്‍ക്ക് ഷോപ് ചര്‍ച്ച ചെയ്യും.
വിശദവിവരങ്ങള്‍ക്കും റജിസ്‌ട്രേഷനുമായി 77972255, 50231123 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കൂട്ടായ്മയുടെ അഡ്മിന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു