ഫിഫ 2022 ലോകകപ്പിനായി അബൂസംറ ബോര്‍ഡര്‍ വഴി പ്രവേശനം സംബന്ധിച്ച് അറിയേണ്ടതെല്ലാം
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിനായി അബൂസംറ ബോര്‍ഡര്‍ വഴി പ്രവേശനം സംബന്ധിച്ച് അറിയേണ്ടതെല്ലാം വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം. ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഖത്തറിലേക്കുള്ള കരമാര്‍ഗം പ്രവേശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അധികൃതര്‍ വിശദീകരിച്ചത്.
നവംബര്‍ 1 മുതല്‍ ടൂര്‍ണമെന്റ് അവസാനിക്കുന്നതുവരെ ലോകകപ്പ് ആരാധകരെ സ്വീകരിക്കാന്‍ അബു സംറ ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിംഗ് സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആരാധകരും പൗരന്മാരും താമസക്കാരും മറ്റുള്ളവരും ഉള്‍പ്പെടെ രാജ്യത്തേക്കുള്ള സന്ദര്‍ശകരെ സേവിക്കുന്നതിനായി ചെക്ക് പോയിന്റിലെ പാസ്പോര്‍ട്ട് കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, മണിക്കൂറില്‍ 4,000-ത്തിലധികം ആളുകളെ സ്വീകരിക്കാന്‍ സൗകര്യപ്രദമായ ഒരു കൂടാരം സജ്ജീകരിക്കുക, ചെക്ക്പോസ്റ്റില്‍ നിന്ന് സെന്‍ട്രല്‍ ദോഹയിലെ അല്‍-മെസിലയിലേക്കും അതിര്‍ത്തിയില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള അല്‍ ഖലായിലിലെ ഫാമിലി ആന്‍ഡ് ഫ്രണ്ട്സ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് ഏരിയയിലേക്കും സൗകര്യപ്രദവും സൗജന്യവുമായ ഗതാഗതമൊരുക്കുക, തുടങ്ങി നിരവധി സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2022 നവംബര്‍ 1 മുതല്‍ 2022 ഡിസംബര്‍ 23 വരെ ലോകകപ്പ് ആരാധകരുടെ കര അതിര്‍ത്തി വഴിയുള്ള പ്രവേശനത്തിനായി ആഗ്രഹിക്കുന്നവര്‍ ഹയ്യ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത പാസ്പോര്‍ട്ട് ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.
ബോര്‍ഡര്‍ ചെക്ക്പോസ്റ്റില്‍ പിന്തുടരേണ്ട പ്രവേശന നടപടിക്രമങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
ആദ്യ വിഭാഗം: ഖത്തറി ഐഡി കാര്‍ഡ് കൈവശമുള്ള പൗരന്മാര്‍, താമസക്കാര്‍, ജിസിസി പൗരന്മാര്‍ (ഖത്തരി നമ്പര്‍ പ്ലേറ്റുള്ള കാറുകള്‍). അവരുടെ പ്രവേശനം സാധാരണ പോലെയായിരിക്കും. ഇവരെ കൊണ്ടുപോകുന്ന വാഹനത്തിന് ഖത്തര്‍ നമ്പര്‍ പ്ലേറ്റ് ഉണ്ടായിരിക്കണം. ഇവര്‍ക്ക് ഹയ്യ കാര്‍ഡ് നിര്‍ബന്ധമല്ല.
രണ്ടാമത്തെ വിഭാഗം : അസാധാരണമായ എന്‍ട്രി പെര്‍മിറ്റുള്ള ആരാധകരാണ്.
അവര്‍ക്ക് സ്വന്തം വാഹനങ്ങളുമായുളള പ്രവേശനത്തിന് ഹയ്യ പ്ലാറ്റ്ഫോമിലൂടെയുള്ള വാഹന പ്രവേശന പെര്‍മിറ്റ് ആവശ്യമാണ്. അത് ലഭിക്കുന്നതിന് കുറഞ്ഞത് 5 രാത്രികള്‍ (ഡ്രൈവര്‍ക്ക് മാത്രം) ഹയ്യ പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ച താമസ സൗകര്യം വേണം. ഔദ്യോഗിക ഹയ്യ പ്ലാറ്റ്ഫോമിലൂടെ വാഹന പ്രവേശന പെര്‍മിറ്റ് അപേക്ഷ സമര്‍പ്പിക്കുക. അംഗീകാരം ലഭിച്ചാല്‍, വാഹന ഇന്‍ഷുറന്‍സ് ഇലക്ട്രോണിക് രീതിയില്‍ ലഭിക്കുന്നതിനുള്ള ലിങ്കുള്ള ഒരു ഇമെയില്‍ അയയ്ക്കും.
ഇന്‍ഷുറന്‍സ് പൂര്‍ത്തിയാകുമ്പോള്‍, അപേക്ഷകന്‍ 24 മണിക്കൂറിനുള്ളില്‍ പ്ലാറ്റ്ഫോമില്‍ ഫോളോ അപ്പ് ചെയ്ത് , തിരിച്ചു ലഭിക്കാത്ത 5,000 റിയാല്‍ ഫീസ് അടച്ച് പെര്‍മിറ്റ് നേടണം.
വാഹനത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ ഉണ്ടായിരിക്കണം, പരമാവധി ആറ് പേരില്‍ കൂടരുത്, എല്ലാവരും ഹയ്യ കാര്‍ഡ് ഉളളവരാകണം.
വാഹന പ്രവേശന പെര്‍മിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനാകൂ (ഒന്നിലധികം സന്ദര്‍ശനങ്ങള്‍ക്ക് പറ്റുകയില്ല).
ടൂര്‍ണമെന്റിനിടെ ഗതാഗത നിയന്ത്രണങ്ങളുള്ള മേഖലകളില്‍ വാഹനമോടിക്കരുത്.
മൂന്നാമത്തെ വിഭാഗം: ഏകദിന ആരാധകന്‍
24 മണിക്കൂറിനുള്ളില്‍ ഒന്നോ അതിലധികമോ മത്സരങ്ങളില്‍ പങ്കെടുക്കാനായി അബു സംറ ലാന്‍ഡ് ബോര്‍ഡര്‍ വഴി വരുന്നവര്‍ക്ക് ഖത്തറില്‍ മുന്‍കൂര്‍ ഹോട്ടല്‍ റിസര്‍വേഷന്‍ ഇല്ലാതെ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. എന്നിരുന്നാലും, അവരുടെ പ്രവേശനത്തിന് ഹയ്യ കാര്‍ഡും ഖത്തറില്‍ എത്തുന്നതിന് മുമ്പ് ഹയ്യ പ്ലാറ്റ്ഫോമിലൂടെ അതിര്‍ത്തിയില്‍ ഒരു കാര്‍ പാര്‍ക്കിംഗ് സ്ഥലത്തിന്റെ മുന്‍കൂര്‍ ബുക്കിംഗും ആവശ്യമാണ്. പ്രവേശന സമയം മുതല്‍ ആദ്യത്തെ 24 മണിക്കൂര്‍ പാര്‍ക്കിംഗ് സൗജന്യമാണ്.
രണ്ടാം ദിവസത്തേക്ക് 1,000 റിയാീല്‍ സേവന ഫീസ് ഈടാക്കും. പ്രവേശനം മുതല്‍ 48 മണിക്കൂറില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍, വാഹനം എടുത്ത് കൊണ്ടുപോകും. ഇങ്ങനെ എടുത്ത് കൊണ്ടുപോകുന്നതിന് വേറെയും 1,000 റിയാല്‍ ഫീ ഈടാക്കും. (പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അവരുടെ ഇമെയിലിലേക്ക് അയയ്ക്കുന്ന ലിങ്ക് വഴി ഇലക്ട്രോണിക് ആയി പണമടക്കാം.
നാലാമത്തെ വിഭാഗം: ബസുകള്‍ വഴി വരുന്നവരാണ് .
ബസില്‍ വരുന്ന എല്ലാ യാത്രക്കാര്‍ക്കും ഹയ്യ കാര്‍ഡ് ഉണ്ടായിരിക്കണം.രാജ്യത്തേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചെക്ക് പോയിന്റിലെ അറൈവല്‍ ലോഞ്ചില്‍ എത്തുക.അതിര്‍ത്തിയില്‍ നിന്ന് ഖത്തര്‍ ബസുകള്‍ വഴി ദോഹ സെന്‍ട്രല്‍ സ്റ്റേഷനിലേക്കോ (അല്‍ മെസ്സില) അല്‍ ഖലായേലിലെ അതിര്‍ത്തിക്ക് പുറത്തുള്ള ഫാമിലി ആന്‍ഡ് ഫ്രണ്ട്സ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് ഏരിയയിലേക്കോ പോകുക.
ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കാന്‍ വാണിജ്യ ട്രക്കുകള്‍ക്ക് 2022 നവംബര്‍ 15 മുതല്‍ 2022 ഡിസംബര്‍ 22 വരെ രാത്രി 11 മുതല്‍ രാവിലെ 6 വരെയായിരിക്കും അബു സംറ ബോര്‍ഡര്‍ വഴി പ്രവേശനം അനുവദിക്കുക.