നെതര്‍ലാന്‍ഡില്‍ നടന്ന ‘ഫ്ലോറിയേഡ് എക്‌സ്‌പോ 2022 ലെ ഖത്തര്‍ പവലിയന് എക്‌സലന്‍സ് അവാര്‍ഡ്
അമാനുല്ല വടക്കാങ്ങര
ദോഹ. നെതര്‍ലാന്‍ഡില്‍ നടന്ന ‘ഫ്ലോറിയേഡ് എക്‌സ്‌പോ 2022 ലെ ഖത്തര്‍ പവലിയന് ഹോസ്പിറ്റാലിറ്റിയിലെ എക്‌സലന്‍സ് അവാര്‍ഡ് .എക്‌സിബിഷന്റെ സമാപന ചടങ്ങില്‍ പ്രഖ്യാപിച്ച അഞ്ച് വിശിഷ്ട അവാര്‍ഡുകളില്‍ ഒന്നാണിത്.
ഫ്ലോറിയാഡ് എക്‌സ്‌പോയുടെ കമ്മീഷണര്‍ ജനറലും എക്‌സ്‌പോ 2023 ദോഹയുടെ സെക്രട്ടറി ജനറലുമായ എന്‍ജിനീയര്‍ മുഹമ്മദ് അലി അല്‍ കൂരിയും നെതര്‍ലന്‍ഡ്‌സിലെ ഖത്തര്‍ അംബാസഡര്‍ നാസര്‍ ബിന്‍ ഇബ്രാഹിം അല്‍ ലങ്കാവിയും ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
ആറ് മാസത്തെ എക്‌സ്‌പോയില്‍ ഉടനീളം, ‘ഡെസേര്‍ട്ട് നെസ്റ്റ്’ എന്ന പ്രമേയത്തിന് കീഴിലുള്ള ഖത്തരി പവലിയന്‍ ഖത്തറി സംസ്‌കാരം അവതരിപ്പിച്ചുകൊണ്ടും ഖത്തറിന്റെ ആതിഥ്യമര്യാദയും സംസ്‌കാരവും പൈതൃകവും ഉയര്‍ത്തിപ്പിടിച്ചുമാണ് പൊതുജന ശ്രദ്ധ നേടിയത്.
എക്സ്പോയില്‍ പങ്കെടുത്ത എല്ലാ അന്തര്‍ദേശീയവും ദേശീയവുമായ പങ്കാളികളും എക്‌സ്‌പോയുടെ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലുമായി മൂന്ന് തവണയാണ് വിശദമായി വിലയിരുത്തപ്പെട്ടത്. ലോക ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോസ് അംഗീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഉത്തരവാദിത്തമുള്ള സ്ഥാപനമായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് , ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന ഒമ്പത് പേരടങ്ങുന്ന ഒരു വിദഗ്ധ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം ഒരുക്കിയ ഖത്തര്‍ പവലിയന് 12.1 മീറ്റര്‍ ഉയരവും 56 ടണ്‍ ഭാരവുമുണ്ട്. 11 ദിവസം ഏകദേശം 100 മണിക്കൂര്‍ ജോലി ചെയ്താണ് പവലിയന്‍ പൂര്‍ത്തിയാക്കിയത്.