മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍ ഒക്ടോബര്‍ 30 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകം മുഴുവന്‍ കാല്‍പന്തിന്റെ ലോക മേളക്കായി ഖത്തറിലെത്തുമ്പോള്‍ ആ ആവേശത്തിന് കൂട്ടായി മലയാളത്തിന്റെ മെഗാ താരം മോഹന്‍ലാലിന്റെ സല്യൂട്ടേഷന്‍ ടു ഖത്തര്‍ ഒക്ടോബര്‍ 30 ന് നടക്കുമെന്ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി വിഭാഗമെന്ന നിലക്ക് പോറ്റമ്മ നാടായ ഖത്തറിനുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യദാര്‍ഡ്യം കൂടിയാകും ഈ സവിശേഷമായ സമര്‍പ്പണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലോകമെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 വിനുളള വരവേല്‍പും ഐക്യദാര്‍ഡ്യവുമായാണ് മലയാളത്തിന്റെ മഹാനടന്‍ ദോഹയിലെത്തുന്നത്.
ഐപേയും അല്‍ ജസീറ എക്‌സ്‌ചേഞ്ചും മുഖ്യ പ്രായോജകരാവുന്ന പരിപാടി ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ഒലീവ് സുനോ റേഡിയോ നെറ്റ്വര്‍ക്കും സംയുക്തമായാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് .
മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തറിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം റേഡിയോ സുനോ സ്റ്റുഡിയോയില്‍ നടന്നിരുന്നു.
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ.മോഹന്‍ തോമസിന് പുറമേ ഇവന്റ് ഓര്‍ഗനൈസര്‍ : ജോണ്‍ തോമസ് , ഓര്‍ഗനൈസര്‍ : മിബു ജോസ്, ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് കോ – ഫൗണ്ടര്‍സും ആന്‍ഡ് മാനേജിങ് ഡയറക്ടര്‍മാരുമായ : കൃഷ്ണകുമാര്‍ , അമീര്‍ അലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.