ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലിന് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഏറ്റവും പുതിയ ഐക്കണിക് ഡെസ്റ്റിനേഷനായ ലുസൈല്‍ ബൊളിവാര്‍ഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലിന് ഉജ്വല തുടക്കം. സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിനാളുകളാണ് ആഘോഷത്തില്‍ പങ്കുചേരാനായി ലുസൈലില്‍ എത്തിയത്.
വാരാന്ത്യത്തിന്റെ ആവേശത്തോടെ കുട്ടികളും മുതിര്‍ന്നവരും കുടുംബങ്ങളുമൊക്കെ ലുസൈലിലെ മനോഹരമായ ആഘോഷവേദിയിലേക്ക് ഒഴുകിയപ്പോള്‍ ലോകസംസ്‌കാരങ്ങളുടെ സംഗമവേദിയായും മാനവികതയുടേയും സംഗീതത്തിന്റേയും ആഘോഷമായും ലുസൈല്‍ ബോളിവാര്‍ഡ് മാറുകയായിരുന്നു.
ത്രിദിന ആഘോഷങ്ങളുടെ ആദ്യ ദിനമായ വ്യാഴാഴ്ച മിഡില്‍ ഈസ്റ്റ് ലൈനപ്പ് അവതരിപ്പിച്ച പരിപാടി സഹൃദയരുടെ മനം കവരുന്നതായിരുന്നു.പ്രശസ്ത കുവൈറ്റ് ഗായകന്‍ അബ്ദുല്‍ അസീസ് ലൂയിസും ലെബനീസ് ഗായകന്‍ ജോസഫ് ആറ്റിയും ഉള്‍പ്പെടുന്ന സംഘമാണ് ഉദ്ഘാടന ദിവസം സംഗീത സന്ധ്യയൊരുക്കിയത്.
തത്സമയ പ്രകടനങ്ങള്‍ക്ക് പുറമേ രാത്രി 7 മണിക്ക് നടന്ന ആകര്‍ഷകമായ ഡ്രോണ്‍ ഷോകളും രാത്രി മുഴുവനുള്ള റോമിംഗ് ഷോകളും ആഘോഷത്തിന് മാറ്റുകൂട്ടി.
ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലിന്റെ ഏറ്റവും പ്രധാനപ്പെട്ട ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ ഇന്ന് നടക്കും. പ്രശസ്ത ഇന്ത്യന്‍ പിന്നണി ഗായിക സുനിധി ചൗഹാന്‍, ഖവ്വാലി, ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ എക്‌സ്‌പോണന്റ് റാഹത് ഫതഹ് അലി ഖാന്‍, ‘സലിം-സുലൈമാന്‍’ എന്നറിയപ്പെടുന്ന സലിം-സുലൈമാന്‍ മര്‍ച്ചന്റ് എന്നീ സംഗീതസംവിധായക ജോഡികള്‍ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലില്‍ അവതരിപ്പിക്കും. ഇന്ന് രാത്രി 7 മണിക്കാണ് ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍. ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവല്‍ നാളെയാണ് സമാപിക്കുക.