
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ 97 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞതോടെ ലോകം ഖത്തറിലേക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ 97 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞതോടെ ലോകം മുഴുവന്‍ ഖത്തറിലേക്ക്
ഉറ്റുനോക്കുകയാണെന്നും ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌ക്കരിക്കണമെന്ന ചില തല്‍പരകക്ഷികളുടെ പ്രചാരവേലകള്‍ ഫലം ചെയ്യില്ലെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി അഭിപ്രായപ്പെട്ടു. ലോകകപ്പ് കഴിയുന്നതോടെ ലോക്തിന് ഖത്തറിനെക്കുറിച്ച ധാരണകള്‍ മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെമ്പാടുമുളള ജനങ്ങളെ ഒന്നിപ്പിക്കാനുള്ള മാര്‍ഗമായാണ് ഖത്തര്‍ ഫുട്‌ബോളിനെ കാണുന്നതെന്നും ഫിഫ 2022 മാനവികതയുടെ ആഘോഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പത്രമായ ലെ മോണ്ടെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”വലിയ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ രാജ്യം തയ്യാറാണ്. ലോകകപ്പ് ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ്,’ അദ്ദേഹം പറഞ്ഞു.
തൊഴില്‍ മേഖലയിലും തൊഴിലാളി ക്ഷേമ രംഗത്തും ഖത്തര്‍ നടപ്പാക്കിയ മാതൃകാപരമായ പരിഷ്‌കാരങ്ങള്‍ അദ്ദേഹം എടുത്ത് പറഞ്ഞു.