ഖത്തറീ സമൂഹത്തിലെ മിതത്വത്തെയും സഹിഷ്ണുതയെയും പ്രശംസിച്ച് ബ്രിട്ടീഷ് പത്രം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിന് ആതിഥ്യമരുളുന്നതിനുള്ള അവസരം ലഭിച്ചതു മുതല്‍ ഖത്തറിനെ വിമര്‍ശിക്കുന്നതിനും കുറ്റം കണ്ടെത്തുന്നതിനും മാത്രം സമയം കണ്ടെത്തിയിരുന്ന ബ്രിട്ടീഷ് പത്രങ്ങള്‍ ഖത്തറീ സമൂഹത്തിലെ മിതത്വത്തെയും സഹിഷ്ണുതയെയും പ്രശംസിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഖത്തറിലെ തൊഴിലന്തരീക്ഷവും തൊളിലാളി ക്ഷേമ പദ്ധതികളും വരെ ബ്രിട്ടീഷ് പത്രങ്ങളുടെ പ്രശംസ നേടുന്നുവെന്നത് ഒരു പതിറ്റാണ്ടിലേറെകാലം വസ്തുത വിരുദ്ധമായ വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും കാലം കരുതിവെച്ച കാവ്യനീതിയാകാം.
ബ്രിട്ടീഷ് പത്രമായ ‘ദി ഇന്‍ഡിപെന്‍ഡന്റ്’ ഖത്തറിലെ പൊതുസ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷത്തെ പ്രശംസിച്ചു കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിച്ചു.ഖത്തര്‍ ഭരണകൂടത്തിന്റെ നിയമങ്ങള്‍ എല്ലാ വ്യക്തിപരവും കൂട്ടായതുമായ സ്വാതന്ത്ര്യങ്ങള്‍ ഉറപ്പുനല്‍കുന്നു. പ്രത്യേകിച്ച് മതത്തിന്റെയും വിശ്വാസത്തിന്റെയും സ്വാതന്ത്ര്യം. നിയമങ്ങളിലും ആചാരങ്ങളിലും ഖത്തറിനെ ഏറ്റവും മിതവാദിയായ അറബ്, ഇസ് ലാമിക രാജ്യങ്ങളില്‍ ഒന്നായാണ് ലേഖനം കണക്കാക്കുന്നത്.
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ആസന്നമായ സാഹചര്യത്തില്‍ ഖത്തറിലെ ഇസ്ലാമിന്റെ പ്രകടനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍, വിവിധ കലകള്‍, സ്ത്രീകളുടെ അവകാശങ്ങള്‍, ആധുനിക സിവില്‍ നിയമങ്ങള്‍ എന്നിവയോടുള്ള ഖത്തറിന്റെ തുറന്ന മനസ്സിനെ പത്രം എടുത്തുകാണിച്ചു.സ്ത്രീകളുടെ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നതിന് പ്രത്യേകിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ഖത്തര്‍ നേരത്തെ മുതല്‍ തന്നെ ശ്രദ്ധചെലുത്തുന്നു. ഖത്തര്‍ വിനോദസഞ്ചാരികള്‍ക്ക് സുഖപ്രദമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു, അതിന്റെ നിയമങ്ങളില്‍ ഭൂരിഭാഗവും ഇസ് ലാമിക ശരീഅത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെങ്കിലും സിവില്‍ നിയമങ്ങള്‍ പാലിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.
വ്യക്തിസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താതെ, രാജ്യത്തിന്റെയും സമൂഹത്തിന്റെയും ആചാരങ്ങളോടും പാരമ്പര്യങ്ങളോടും ബഹുമാനം നിലനിര്‍ത്തുന്ന ഖത്തറി സമൂഹത്തിന്റെ സവിശേഷതയായ സഹിഷ്ണുത ‘മാതൃകാപരമാണെന്ന് ‘റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ഖത്തറികളുടെയും വിവിധ പ്രവാസി സമൂഹങ്ങളുടെയും പരസ്പര സഹവര്‍ത്തിത്വത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രശംസയുണ്ട്. എല്ലാ മവിഭാഗങ്ങളെയും ബഹുമാനിക്കുന്ന അധികാരികളാണ് ഖത്തറിന്റെ മറ്റൊരു സവിശേഷതയെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.
ഫിഫ 2022 ലോകകപ്പിനായി ഖത്തറിലേക്ക് പോകുന്ന ബ്രിട്ടീഷ്, വിദേശ വിനോദസഞ്ചാരികള്‍ ഖത്തര്‍ സമൂഹത്തിന്റെ ആചാരങ്ങളെയും രാജ്യത്തിന്റെ നിയമങ്ങളെയും മാനിക്കണമെന്ന് പത്രം ഉപദേശിച്ചു.