അല്‍ഖോറില്‍ പുതിയ മത്സ്യ മാര്‍ക്കറ്റ് തുറന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ഖോറിലെ അല്‍ഖോര്‍ ജെട്ടിയിലും അല്‍ സഖിറ മുനിസിപ്പാലിറ്റിയിലും മുനിസിപ്പാലിറ്റി മന്ത്രാലയം പുതിയ മത്സ്യമാര്‍ക്കറ്റ് തുറന്നു.
20 മത്സ്യ വില്‍പന കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. മത്സ്യം ക്‌ളീന്‍ ചെയ്യുന്നതിനായി രണ്ട് ഔട്ട്ലെറ്റുകള്‍ നീക്കിവച്ചിട്ടുണ്ട്. ഒരു റെസ്റ്റോറന്റും കഫറ്റീരിയയും പച്ചക്കറികള്‍ വില്‍ക്കുന്നതിനുള്ള കടകളും ഒരു സൂപ്പര്‍മാര്‍ക്കറ്റും ഇവിടെയുണ്ട്.
പുതിയ മത്സ്യമാര്‍ക്കറ്റ് ഇന്ന് (നവംബര്‍ 27) പുലര്‍ച്ചെ അഞ്ച് മണിക്കാണ് പൂര്‍ണ ശേഷിയോടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് ആഴ്ച മുഴുവന്‍ തുറന്നിരിക്കും. ഇതോടെ പഴയ മത്സ്യമാര്‍ക്കറ്റിലെ എല്ലാ ഔട്ട്ലെറ്റുകളും പുതിയതിലേക്ക് മാറ്റി.
ഫ്രഷ് മത്സ്യം പ്രദര്‍ശിപ്പിക്കുന്നതിന് ഗള്‍ഫ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ മാര്‍ക്കറ്റ് നിര്‍മ്മിച്ചത്. മാര്‍ക്കറ്റിന്റെ സെന്‍ട്രല്‍ വെന്റിലേഷനും ലൈറ്റിംഗും സജ്ജീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ കടകള്‍ക്കുള്ളില്‍ വൃത്തിയുള്ള സാഹചര്യത്തില്‍ മത്സ്യം പ്രദര്‍ശിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം, ശുചീകരണ ആവശ്യങ്ങള്‍ക്ക് മതിയായ ജലസ്രോതസ്സുകള്‍ എന്നിവയും നല്‍കുന്നു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ആരോഗ്യ ആവശ്യകതകള്‍ക്ക് അനുസൃതമായാണ് ഫ്‌ളോറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.