എഡ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്റെ എംപവര്‍ യൂത്ത് കോണ്‍ഫറന്‍സ് ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. എഡ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്റെ എംപവര്‍ യൂത്ത് കോണ്‍ഫറന്‍സ് ആരംഭിച്ചു. ഫിഫ ഫാന്‍ ഫെസ്റ്റിവലില്‍ ലോകകപ്പ് ആഘോഷങ്ങളുടെ ഹൃദയഭാഗത്ത്, മികച്ച അത്ലറ്റുകളില്‍ നിന്നുള്ള ഫുട്ബോളിന്റെ പങ്കിനെക്കുറിച്ചുള്ള പ്രചോദനാത്മക കഥകളുമായാണ് ബുധനാഴ്ച കോണ്‍ഫറന്‍സ് ആരംഭിച്ചത്. ചടങ്ങില്‍ ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി, കായിക യുവജന മന്ത്രി സലാഹ് ബിന്‍ ഗാനം ബിന്‍ നാസര്‍ അല്‍ അലി, ഷൂറ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഡോ ഹംദ ബിന്‍ത് ഹസന്‍ അല്‍ സുലൈത്തി എന്നിവര്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ ത്രിദിന യുവ നേതൃത്വ സമ്മേളനത്തിന്റെ പ്രമേയം, സുസ്ഥിര വികസനത്തിന് ഫുട്‌ബോള്‍ എന്നുള്ളതാണ് . സമൂഹങ്ങളില്‍ ഐക്യവും സംയോജനവും സൃഷ്ടിക്കുന്നതിനുള്ള ഫുട്‌ബോളിന്റെ കഴിവ് ഉപയോഗപ്പെടുത്തുന്നതിനൊപ്പം മാറ്റത്തിനുള്ള നല്ല സാമൂഹിക ഉത്തേജകമായി പ്രവര്‍ത്തിക്കാനും ഫുട്‌ബോളിനാകുമെന്നാണ് പ്രമേയം അടിവരയിടുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ‘ചേസിംഗ് ദി ഡ്രീം’ എന്ന തലക്കെട്ടില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പ്രൊഫഷണല്‍ സോക്കര്‍ കളിക്കാരിയായി മാറിയ മുന്‍ അഫ്ഗാന്‍ അഭയാര്‍ത്ഥി നാദിയ നദീം; പലസ്തീന്‍ വനിതാ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ആദ്യ ക്യാപ്റ്റന്‍ ഹണി തല്‍ജിഹ്, ലോകകപ്പ് ലെഗസി പ്രോഗ്രാം ജനറേഷന്‍ അമേസിംഗ് ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നാസര്‍ അല്‍-ഖോരി എന്നിവര്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതം മെച്ചപ്പെടുത്തുന്നതില്‍ ഫുട്‌ബോളിന്റെ പങ്കിനെക്കുറിച്ച് സംസാരിച്ചു.