ഇന്ന് ഖലീഫ സ്റ്റേഡിയത്തില്‍ ‘വിന്നേഴ്സായി’ ഈ തലശ്ശേരിക്കാരുമുണ്ടാകും
അമാനുല്ല വടക്കാങ്ങര
ദോഹ: അബ്ദുല്‍ അഹദ് നാസിഫിനും അഫാഫ് നാസിഫിനും ഇന്ന് വൈകുന്നേരം 6 മണിക്ക് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത് ‘ലൂസേഴ്സ് ഫൈനലല്ല’, ‘വിന്നേഴ്സ് ഫൈനലാണ്.
ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ക്രൊയേഷ്യയുടേയും മൊറോക്കോയുടേയും താരങ്ങള്‍ ലൂസേഴ്സ് ഫൈനലിനിറങ്ങുമ്പോള്‍ അവരുടെ കൈ പിടിച്ച് ‘ജേതാക്കളായി’ ഖത്തറില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസിലേയും മൂന്നാം ക്ലാസിലേയും വിദ്യാര്‍ഥികളായ തലശ്ശേരി അച്ചാരത്തെ അബ്ദുല്‍ അഹദും അഫാഫുമുണ്ടാകും.
അബ്ദുല്‍ അഹദും അഫാഫും ജനിക്കുന്നതിന് മുമ്പേ അവരുടെ പിതാവ് നാസിഫ് മൊയ്തു ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഒരുക്കങ്ങളിലുണ്ടായിരുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഖത്തര്‍ ലോകകപ്പിനോടൊപ്പം സഞ്ചരിക്കുന്ന നാസിഫ് മൊയ്തുവിന് മക്കള്‍ രണ്ടുപേര്‍ ലോകോത്തര കായിക താരങ്ങളുടെ കൈ പിടിച്ച് ലോകകപ്പ് സ്റ്റേഡിയത്തിലിറങ്ങുന്ന നിമിഷം സ്വപ്നതുല്യമായിരിക്കും.
ഹമദ് ഹോസ്പിറ്റലിലെ എച്ച് ആര്‍ ഉദ്യോഗസ്ഥനായ നാസിഫ് മൊയ്തു നിലവില്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയിലെ ആക്സസ് മാനേജ്മെന്റ് അംഗമാണ്. നാസിഫിന്റെ ഭാര്യ തലശ്ശേരിക്കാരി അച്ചാരത്ത് ഫെബിനാകട്ടെ ലോകകപ്പിന്റെ സസ്റ്റയിബിലിറ്റി വളണ്ടിയറാണ്. മകള്‍ അലീമ നാസിഫ് മീഡിയ വളണ്ടിയറായി സേവനമനുഷ്ഠിക്കുന്നുണ്ട്. മകന്‍ അബ്ദുല്‍ അദീം രംഗത്തില്ലെങ്കിലും മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സഹായത്തിന്റെ ചിറകുകള്‍ വീശി മുഴുവന്‍ സമയവും കൂടെയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഖത്തര്‍ ലോകകപ്പ് കുടുംബമാണിത്.