ഖത്തര്‍ ലോകകപ്പ് ഫൈനല്‍: ഉച്ചയ്ക്ക് 2 മണി മുതല്‍ ഗേറ്റുകള്‍ തുറക്കും, 4.30 നെങ്കിലും സീറ്റുകളിലെത്താന്‍ നിര്‍ദേശം
അമാനുല്ല വടക്കാങ്ങര
ദോഹ. നാളെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മല്‍സരത്തിനായി ഉച്ചയ്ക്ക് 2 മണി മുതല്‍ ഗേറ്റുകള്‍ തുറക്കുമെന്നും , 4.30 നെങ്കിലും എല്ലാ ആരാധകരും തങ്ങള്‍ക്കനുവദിച്ച സീറ്റുകളിലെത്തണമെന്നും നിര്‍ദേശം
അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ആവേശപ്പോരാട്ടം വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. ‘എ നൈറ്റ് ടു റിമെമ്പര്‍’ ( ഓര്‍മിക്കാന്‍ ഒരു രാത്രി ) എന്ന് പേരിട്ടിരിക്കുന്ന അതിമനോഹരമായ സമാപന ചടങ്ങ് നഷ്ടപ്പെടുത്താതിരിക്കാന്‍, 4.30 ഓടെ ആരാധകര്‍ തങ്ങളുടെ സീറ്റുകളില്‍ ഇരിക്കാന്‍ പ്ലാന്‍ ചെയ്യണമെന്ന് ഫിഫ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഐക്കണിക് സ്റ്റേഡിയത്തില്‍ 88,000 കാണികളെയാണ് ഫൈനലിന് പ്രതീക്ഷിക്കുന്നത്.
‘നമ്മുടെ വ്യത്യാസങ്ങള്‍ക്കപ്പുറം പരസ്പരം അറിയുന്നതിനും വിടവുകള്‍ നികത്തുന്നതിനും ആഹ്വാനം ചെയ്ത ലോകകപ്പ് ഉദ്ഘാടനം പോലെ തന്നെ സമാപന ചടങ്ങും സവിശേഷമായിരിക്കും. 15 മിനിറ്റ് നീണ്ടുനില്‍ക്കുന്ന സമാപന ചടങ്ങ് ലോകത്തെ ഒന്നിപ്പിക്കുന്നതിനുള്ള ഫുട്‌ബോളിന്റെ ശക്തിയെ അടയാളപ്പെടുത്തും.
ടൂര്‍ണമെന്റിന്റെ അവിസ്മരണീയ നിമിഷങ്ങള്‍ അടയാളപ്പെടുത്തിയ ഔദ്യോഗിക സൗണ്ട് ട്രാക്കില്‍ നിന്നുള്ള ഗാനങ്ങളുടെ ഒരു മാഷപ്പ് ഉപയോഗിച്ച് ‘എ നൈറ്റ് ടു റിമെമ്പര്‍’ അവസാനിക്കും.