കേരള ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് പേര്‍ പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയവരെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. കേരള ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് പേര്‍ പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയവരെന്ന് റിപ്പോര്‍ട്ട് . പ്രവാസ ജീവിതത്തിന്റെ പാരമ്പര്യമുള്ള കേരളീയരില്‍ വിദേശ ജോലിയോടുള്ള ഭ്രമം തുടരുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് നേടിയവരുള്ള സംസ്ഥാനം കേരളമാണ് .
ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പനുസരിച്ച്
കേരളത്തില്‍ ഇഷ്യൂ ചെയ്ത പാസ്‌പോര്‍ട്ടുകളുടെ എണ്ണം 1,12,66,986. വിദേശങ്ങളില്‍ വെച്ച് പുതുതായി ഇഷ്യൂ ചെയ്തത് കൂടെ കണക്കിലെടുക്കുമ്പോള്‍ ഇത് നമ്മുടെ ജനസംഖ്യയുടെ മൂന്നിലൊന്നോളം എത്തുന്നു. ഇന്ത്യയില്‍ മൊത്തം ഇഷ്യൂ ചെയ്ത പാസ്‌പോര്‍ട്ടുകളുടെ ഒമ്പത് ശതമാനത്തോളം കേരളത്തില്‍ നിന്നാണ്. കേരളത്തിലെ ജനസംഖ്യയാവട്ടെ മൊത്തം ഇന്ത്യന്‍ സംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെയും
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ എണ്‍പത്തി എട്ട് ലക്ഷത്തോളം പേര്‍ക്കും ഏറ്റവും വലിയ സംസ്ഥാനമായ മധ്യപ്രദേശില്‍ പതിനാറ് ലക്ഷത്തോളം പേര്‍ക്കുമാണ് പാസ്‌പോര്‍ട്ടുള്ളത്.
കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയത് മഹാരാഷ്ട്രയിലാണ്, ഒരു കോടി അഞ്ച് ലക്ഷത്തോളം പേര്‍.
നൂറ്റി നാല്‍പത് കോടിയോളം വരുന്ന ഇന്ത്യന്‍ ജനസംഖ്യയില്‍ 9.58 കോടി പൗരന്മാരാണ് ഇതുവരെ ഇന്ത്യയില്‍ നിന്ന് പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയിട്ടുള്ളത്.