2022-ല്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ നിന്നും പുസ്തകമെടുത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് ഭീഷണി മാറുകയും നിയന്ത്രണങ്ങളില്‍ ഇളവ് വരികയും ചെയ്ത സാഹചര്യത്തില്‍ 2022-ല്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ നിന്നും പുസ്തകമെടുത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട് .
ലൈബ്രറി ഉപയോക്താക്കള്‍ 2022-ല്‍ 296,456 പുസ്തകങ്ങളെടുത്തു. ഇതില്‍ 167,580 എണ്ണം കുട്ടികളുടെ ശേഖരത്തില്‍ നിന്നാണ്. 2021ല്‍ ചെക്ക് ഔട്ട് ചെയ്ത 183,143 പുസ്തകങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ചെക്ക് ഔട്ട് ചെയ്ത മൊത്തം പുസ്തകങ്ങളുടെ എണ്ണം 113,313 വര്‍ധിച്ചു.ഈ വര്‍ഷം പ്രധാന ശേഖരത്തില്‍ നിന്ന് 76,468 പുസ്തകങ്ങളും മുതിര്‍ന്നവരുടെ വിഭാഗത്തില്‍ നിന്ന് 52,408 പുസ്തകങ്ങളുമാണ് ഇഷ്യൂ ചെയ്തത്.
മുതിര്‍ന്നവരില്‍, പുസ്തകമെടുത്തവരില്‍ 18,913 പേര്‍ സ്ത്രീകളായിരുന്നു. 15,316 പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ വായിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.