
നാനൂറിലധികം അക്കാദമിക് പ്രോഗ്രാമുകളുമായി 34 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഖത്തറില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: നാനൂറിലധികം അക്കാദമിക് പ്രോഗ്രാമുകളുമായി 34 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നുഐമി പറഞ്ഞു. ഖത്തര്‍ ടെലിവിഷന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ അധ്യയന വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം 13ശതമാനം വര്‍ധനയുണ്ട്. ഈ അധ്യയന വര്‍ഷത്തില്‍ ഉന്നത സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം 40,572 ആയി ഉയര്‍ന്നതായും ഖത്തറിനകത്തും വിദേശത്തുമായി ഉപരിപഠനം നടത്തുന്ന 3,243 വിദ്യാര്‍ത്ഥികള്‍ മന്ത്രാലയത്തിന്റെ സ്കോളര്‍ഷിപ്പ് പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള ആദ്യത്തെ പ്രത്യേക സര്വകലാശാലയയാണ് ദോഹ യൂണിവേഴ്സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യം, സാങ്കേതിക വിദ്യ, അക്കൗണ്ടന്‍സി തുടങ്ങിയ മേഖലകളില്‍ സര്‍വ്വകലാശാലയ്ക്ക് പ്രത്യേകതയുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നായി ഏകദേശം 3,000 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖല അതിവേഗ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും കോളേജുകളും സര്‍വ്വകലാശാലകളുമടക്കം 34 സര്‍ക്കാര്‍, സ്വകാര്യ ഉന്നത സ്ഥാപനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. – അവ ബാച്ചിലര്‍, മാസ്റ്റര്‍, പിഎച്ച്ഡി ബിരുദങ്ങള്‍ ഉള്‍പ്പെടെ 400-ലധികം അക്കാദമിക് പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു,’ അല്‍ നുഐമി പറഞ്ഞു.
ഭാവിയില്‍ ഖത്തറിന്റെ വികസനത്തിന് വളരെയധികം സംഭാവന നല്കുന്ന തൊഴില്‍ വിപണിയെ സേവിക്കുന്നതിനായി ഈ സര്‍വകലാശാലകള്‍ അക്കാദമിക് പ്രോഗ്രാമുകളുടെ ഒരു വലിയ ഡാറ്റാബേസ് നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.