എക്‌സ്‌പോ 2023 ദോഹ വൈവിധ്യമാര്‍ന്ന കാര്‍ഷിക പരിഹാരങ്ങള്‍ അവതരിപ്പിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനും മരുഭൂകരണത്തെ ചെറുക്കുന്നതിനുമുള്ള നൂതന സാങ്കേതിക വിദ്യകളും പരിഹാരങ്ങളും അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്‍ (എക്സ്പോ 2023 ദോഹ) അവതരിപ്പിക്കും. വരണ്ട പ്രദേശങ്ങളില്‍ മരങ്ങളും വിളകളും സുസ്ഥിരമായി വളര്‍ത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകള്‍ ലോകമെമ്പാടും പ്രകടമായ മരുഭൂവല്‍ക്കരണത്തെ മാറ്റുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തമായ അന്താരാഷ്ട്ര കമ്പനികള്‍ക്കും സര്‍വകലാശാലകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും എക്സ്പോ ആതിഥേയത്വം വഹിക്കുമെന്ന് എക്സ്പോ 2023 ദോഹ ആതിഥേയത്വം വഹിക്കുന്ന നാഷണല്‍ കമ്മിറ്റി സെക്രട്ടറി ജനറല്‍ മുഹമ്മദ് അലി അല്‍ ഖൂരി പറഞ്ഞു. ഖത്തര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിന് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമത്തില്‍ മരുഭൂവല്‍ക്കരണത്തെ ചെറുക്കുന്നതിനുള്ള ഭൂപ്രകൃതിയും കാര്‍ഷിക ആവശ്യത്തിനായി കൃഷി ചെയ്യുന്ന ഭൂമി വര്‍ദ്ധിപ്പിക്കുന്നതിന് അത്തരം സാങ്കേതിക വിദ്യകള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തര്‍ യൂണിവേഴ്സിറ്റി, ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി, ഖത്തര്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരവധി അന്താരാഷ്ട്ര, പ്രാദേശിക സര്‍വകലാശാലകള്‍ മുതലായവ എക്സ്പോ 2023 ദോഹയില്‍ പങ്കെടുക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കൂടിയായ അല്‍ ഖൂരി പറഞ്ഞു.
ജിസിസി, മെന മേഖലയിലെ ആദ്യത്തെ അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷനാണ് 2023 ല്‍ ദോഹയില്‍ നടക്കുന്നത്. ആറ് മാസം നീണ്ടുനില്‍ക്കുന്ന എക്സ്പോ 2023 ദോഹയില്‍ 30 ലക്ഷത്തിലധികം സന്ദര്‍ശകരെത്തുമാണ് പ്രതീക്ഷിക്കുന്നത്.
‘ഗ്രീന്‍ ഡെസേര്‍ട്ട് ബെറ്റര്‍ എന്‍വയോണ്‍മെന്റ്’ എന്ന പ്രമേയത്തില്‍ 2023 ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ അല്‍ ബിദ്ദ പാര്‍ക്കില്‍ 1.7 ദശലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന വിശാലമായ വേദിയിലാണഅ എക്‌സ്‌പോ 2023 ദോഹ നടക്കുക.
മരുഭൂവല്‍ക്കരണത്തിന്റെയും സുസ്ഥിരതയുടെയും മേഖലയില്‍ ചൂടുള്ള മരുഭൂമി രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ എക്‌സ്‌പോ അഭിസംബോധന ചെയ്യും, കൂടാതെ ഖത്തര്‍, ജിസിസി, മിഡില്‍ ഈസ്റ്റ് മേഖലകളിലെ കാര്‍ഷിക വികസനത്തിനും ഹരിത നഗരങ്ങളുടെ വികസനത്തിനും എക്‌സ്‌പോ സഹായകമാകും.