2022ല്‍ ഖത്തറിന്റെ കാര്‍ഷികോല്‍പ്പാദനം ഒരു ലക്ഷം ടണ്‍ കടന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: 2022ല്‍ ഖത്തറിന്റെ കാര്‍ഷികോല്‍പ്പാദനം ഒരു ലക്ഷം ടണ്‍ കടന്നു. ഇത് പച്ചക്കറികളില്‍ രാജ്യത്തിന്റെ സ്വയംപര്യാപ്തത 46 ശതമാനമായി ഉയര്‍ത്തി.
2017നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പ്രാദേശിക പച്ചക്കറി ഉല്‍പ്പാദനത്തില്‍ 100 ശതമാനത്തിലധികം വര്‍ധനയുണ്ടായതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു.
പ്രാദേശിക കാര്‍ഷികോല്‍പ്പന്നങ്ങളില്‍ രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് ഉയര്‍ത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ് പറഞ്ഞു.അതിനായി നവംബര്‍ മുതല്‍ മെയ് വരെ ഖത്തറില്‍ കാര്‍ഷിക സീസണ്‍ വിപുലീകരിക്കുന്നത് പോലുള്ള നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഹരിതഗൃഹങ്ങളുടെ പിന്തുണയോടെ വര്‍ഷം മുഴുവന്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉറപ്പാക്കി സീസണ്‍ വിപുലീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വേനല്‍ക്കാലത്ത് ഫാമുകളില്‍ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഖത്തറിലെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍, തണുത്ത വീടുകളിലൂടെ പച്ചക്കറികള്‍ വളര്‍ത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്, അല്‍ ഖുലൈഫി പറഞ്ഞു.
ഇറക്കുമതി ചെയ്ത കോള്‍ഡ് ഹൗസുകള്‍ പ്രാദേശിക കാലാവസ്ഥയ്ക്കനുസൃതമായി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിച്ചത് കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.
ഖത്തറിലെ കാലാവസ്ഥയ്ക്കനുസരിച്ച് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കായി ജലക്ഷമതയുള്ള ശീതഗൃഹങ്ങള്‍ വികസിപ്പിക്കുന്നതിന് കാര്‍ഷിക ഗവേഷണ വകുപ്പ് ശ്രമിച്ചുവരുന്നതായും അല്‍ ഖുലൈഫി പറഞ്ഞു.