ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ഖത്തര്‍ 55-ാം സ്ഥാനത്ത്
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ 2023ലെ എക്സ്‌ക്ലൂസീവ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ഖത്തര്‍ 55-ാം സ്ഥാനത്തോത്തി. 2022 ലെ ഇന്‍ഡക്‌സില്‍ ഖത്തര്‍ 57ാം സ്ഥാനത്തായിരുന്നു. 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനമാണ് ഖത്തര്‍ പാസ്‌പോര്‍ട്ട് ഉറപ്പുവരുത്തുന്നത്.
193 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം നല്‍കുന്ന ജപ്പാനാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി റാങ്ക് ചെയ്തിട്ടുള്ളത്. സിംഗപ്പൂരും ദക്ഷിണ കൊറിയയും പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 192 രാജ്യങ്ങള്‍ സ്വതന്ത്രമായി സന്ദര്‍ശിക്കാന്‍ കഴിയുന്ന രണ്ടാം സ്ഥാനം പങ്കിട്ടു. ജര്‍മനിയും സ്പെയിനും പിന്നാലെയുണ്ട്.
ഫ്രാന്‍സ്, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങള്‍ 187 വിസ ഫ്രീ സ്‌കോറുമായി ആറാം സ്ഥാനത്താണ്.186 വിസ രഹിത സ്‌കോറുമായി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ കാര്യത്തില്‍ അമേരിക്ക, ബെല്‍ജിയം, ന്യൂസിലാന്‍ഡ്, നോര്‍വേ, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവ ഏഴാം സ്ഥാനത്താണ്.
227 യാത്രാ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിസ രഹിത പ്രവേശനമുള്ള 199 വ്യത്യസ്ത പാസ്പോര്‍ട്ടുകളെ താരതമ്യം ചെയ്യുന്ന ലോകത്തിലെ എല്ലാ പാസ്പോര്‍ട്ടുകളുടെയും ആധികാരിക റാങ്കിംഗായി ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക കണക്കാക്കപ്പെടുന്നു.