നവലിബറല്‍ അതിവാദങ്ങള്‍ സാംസ്‌കാരിക തകര്‍ച്ചക്ക് ആക്കം കൂട്ടും – ഹബീബു റഹ്‌മാന്‍ കീഴിശ്ശേരി
അമാനുല്ല വടക്കാങ്ങര
ദോഹ :വ്യക്തിസ്വാതന്ത്ര്യത്തിന് അതിരുകള്‍ വേണ്ടതില്ലെന്ന നവലിബറല്‍ അതിവാദം നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി – സി ഐ സി ഖത്തര്‍ കേന്ദ്ര സമിതി അംഗം ഹബീബു റഹ്‌മാന്‍ കീഴിശ്ശേരി അഭിപ്രായപ്പെട്ടു. നവ ഉദാരവാദികള്‍ മുന്നോട്ട് വെക്കുന്ന അജണ്ടകള്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും അരാജകവത്കരണമാണ് ലക്ഷ്യമാക്കുന്നത്.
എല്ലാ അതിരുകളും നിരാകരിക്കപ്പെടുന്നതും ചൂഷണാത്മകവുമായ ലോകത്തിന് പകരം ധാര്‍മികത അതിരിട്ട് മനോഹരമാക്കിയ ലോകത്തെയാണ് നാം മുന്നില്‍ കാണേണ്ടത്. സി ഐ സി സംഘടിപ്പിക്കുന്ന ‘ഇസ് ലാം – ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍’ എന്ന ക്യാംപയിനിന്റെ വക്‌റ മേഖല തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിന്റെ ചരിത്രം സംഘട്ടനങ്ങളുടെതല്ലന്നും മറിച്ച് ആശയ സംവാദത്തിന്റെതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സീ.ഐ.സി വക്‌റ സോണ്‍ പ്രസിഡന്റ് മുസ്തഫ കാവില്‍ക്കുത്ത് അധ്യക്ഷത വഹിച്ചു.
ക്യാംപയിന്‍ സോണല്‍ കണ്‍വീനര്‍ സാക്കിര്‍ നദ്വി ആമുഖ ഭാഷണം നടത്തി.
ഷംല സിദ്ദീഖ് ലിബറലിസം: സ്വാതന്ത്ര്യമോ സര്‍വ്വ നാശമോ? എന്ന വിഷയത്തിലും യൂത്ത് ഫോറം വകറ മേഖല പ്രസിഡന്റ് ജസീര്‍ മാസ്റ്റര്‍ വംശീയതയിലേക്ക് വല വിരിക്കുന്ന നവ നാസ്തികത എന്ന വിഷയത്തിലും സംസാരിച്ചു. സ്റ്റുഡന്റ്‌സ് ഇന്ത്യ പ്രസിഡന്റ് നഹാന്‍ സാജിദ് വിമര്‍ശനങ്ങള്‍ നേരിട്ട് പ്രവാചകന്‍ (സ) എന്ന വിഷയമവതരിപ്പിച്ചു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന വിഷയത്തില്‍ ഗേള്‍സ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ഡിബേറ്റിന് സമസിദ്ധീഖ്, നദ നിസാര്‍ , അഫ്രീന്‍ അല്‍ത്താഫ് എന്നിവര്‍ നേതൃത്വം നല്‍കി.
മലര്‍വാടി ബാലസംഘം പ്രവര്‍ത്തകര്‍ സംഗീത ശില്‍പം അവതരിപ്പിച്ചു. വിമന്‍ ഇന്ത്യ സെക്രട്ടറി മുഹ്‌സിന സല്‍മാന്‍ സംസാരിച്ചു. ഹംസ മാസ്റ്റര്‍ ഖിറാഅത്ത് നടത്തി.
നാസര്‍ ആലുവ, ജാഫര്‍ സാദിഖ്, അബ്ദുല്ല പി , ഉസ്മാന്‍ പുലാപ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.