വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിക്കാന്‍ അനുമതി നല്‍കിയ സ്വീഡിഷ് അധികൃതരുടെ നടപടിയെ ശക്തമായി അപലപിച്ച് ഖത്തര്‍ മന്ത്രി സഭ
അമാനുല്ല വടക്കാങ്ങര
ദോഹ. വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിക്കാന്‍ അനുമതി നല്‍കിയ സ്വീഡിഷ് അധികൃതരുടെ നടപടിയെ ശക്തമായി അപലപിച്ച് ഖത്തര്‍ മന്ത്രി സഭ . പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച രാവിലെ അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിവാര യോഗമാണ് സ്വീഡിഷ് അധികൃതരുടെ നടപടിയെ ശക്തമായി അപലപിച്ചത്.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവില്‍ നടത്തുന്ന ഇത്തരം നിന്ദ്യമായ പ്രവൃത്തികളും ഹീനമായ കുറ്റകൃത്യങ്ങളും മൂല്യങ്ങള്‍, ധാര്‍മ്മികത, പരിഷ്‌കൃത പെരുമാറ്റം, മറ്റുള്ളവരുടെ വിശ്വാസങ്ങളെയും വിശുദ്ധികളെയും ബഹുമാനിക്കാനുള്ള കടമ എന്നിവയുമായി പൊരുത്തപ്പെടുന്നില്ലെന്ന് കാബിനറ്റ് വിലയിരുത്തി.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ് ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും രാജ്യങ്ങളും സമൂഹങ്ങളും തമ്മിലുണ്ടാവേണ്ട സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷം തകര്‍ക്കുകയും ചെയ്യുന്ന ഇത്തരം നടപടികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി സഭ ആവശ്യപ്പെട്ടു. വിദ്വേഷവും തീവ്രവാദവും കലഹവും വളര്‍ത്തുന്ന ഇത്തരം നടപടികള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് മന്ത്രി സഭ വിലയിരുത്തി.
ആവര്‍ത്തിച്ചുള്ള ഇത്തരം പ്രകോപനപരമായ ക്രിമിനല്‍ പ്രവൃത്തികള്‍ അനുവദിക്കുന്നത് രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ തുരങ്കം വയ്ക്കുമെന്നും വിശ്വാസങ്ങളുടെയും സംസ്‌കാരങ്ങളുടെയും അനുയായികള്‍ തമ്മിലുള്ള സംഭാഷണത്തിന്റെയും അനുരഞ്ജനത്തിന്റെയും ഭാവി അപകടത്തിലാക്കുമെന്നും കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.