
ത്രിവര്‍ണ്ണ പതാകയില്‍ തിളങ്ങി ടോര്‍ച്ച് ടവര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രശസ്തമായ ടോര്‍ച്ച് ടവര്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാകയാല്‍ തിളങ്ങിയത് ഓരോ ഇന്ത്യക്കാരനും അഭിമാന മുഹൂര്‍ത്തമായി.
ഖത്തറിലെ ഏറ്റവും വലിയ വിദേശി വിഭാഗമായ ഇന്ത്യക്കാരുടെ റിപബ്‌ളിക് ദിനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഖത്തര്‍ പരിഗണിച്ചത്.
ഖത്തര്‍ അമീറും അധികാരികളും ഇന്ത്യക്ക് പ്രത്യേകം അഭിവാദ്യങ്ങള്‍ നേര്‍ന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇന്ത്യയുടേയും ഖത്തറിന്റേയും കൊടികളോടെ ട്വീറ്റ് ചെയ്ത ആശംസകള്‍ ഏറെ ശ്രദ്ധേയമായി.
ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച റിപബ്‌ളിക് ദിനാഘോഷത്തില്‍ ഖത്തര്‍ തൊഴില്‍ മന്ത്രി അലി ബിന്‍ സമീഖ് അല്‍ മിര്‍രി മുഖ്യാതിഥിയായും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ വിശിഷ്ടാതിഥിയായും സംബന്ധിച്ചു.