ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കുകയും ജോലി നല്‍കുകയും ചെയ്ത 19 പേരെ സി.ഐ.ഡി അറസ്റ്റ് ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കുകയും ജോലി നല്‍കുകയും ചെയ്ത ആഫ്രിക്കന്‍ പൗരത്വമുള്ള 19പേരെ ഫെബ്രുവരി 14 ചൊവ്വാഴ്ച ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പ് അറസ്റ്റ് ചെയ്തു.
തൊഴിലാളികളെ അനധികൃതമായി കടത്തുന്നതും അഭയം പ്രാപിക്കുന്നതുമായ ഒരു വീടിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. ആവശ്യമായ അനുമതികള്‍ നേടിയ ശേഷം, റെയ്ഡ് നടത്തി പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ 19 പ്രതികളെ അറസ്റ്റ് ചെയ്തു.
ഒളിച്ചോടിയ തൊഴിലാളികളെ സഹായിക്കുന്നതിനും അഭയം നല്‍കുന്നതിനും പുറമെ നിയമവിരുദ്ധമായ തൊഴില്‍ മറച്ചുവെക്കല്‍, താമസ നിയമം ലംഘിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ലംഘനങ്ങള്‍ പ്രതികള്‍ സമ്മതിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടികള്‍ക്കായി അറസ്റ്റിലായവരെ അധികാരികള്‍ക്ക് കൈമാറി.
നിയമപരമായ ഉത്തരവാദിത്തമോ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാതിരിക്കാന്‍ ഒളിച്ചോടിയ തൊഴിലാളികളുമായി ഇടപെടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.