ശൈഖ മൗസയുടെ ദേശീയ കായിക ദിന വസ്ത്രം രൂപകല്‍പന ചെയ്തത് കലയും ശാസ്ത്രവും സമന്വയിപ്പിച്ച്
അമാനുല്ല വടക്കാങ്ങര
ദോഹ: കലയും ശാസ്ത്രവും സമന്വയിപ്പിച്ചാണ് തന്റെ ദേശീയ കായിക ദിന വസ്ത്രം രൂപകല്‍പന ചെയ്തതെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ഷെയ്ഖ മൗസ ബിന്‍ത് നാസര്‍ വെളിപ്പെടുത്തി. കഠിനമായ വേനല്‍ക്കാല കാലാവസ്ഥയില്‍ ദോഷകരമായ സൂര്യരശ്മികളെ പ്രതിരോധിക്കാനും ആവശ്യമായ വിറ്റാമിന്‍ ഡി സമ്പുഷ്ടമായ പ്രകാശം ആഗിരണം ചെയ്യാനും സ്‌പോര്‍ട്‌സ് അബായയ്ക്ക് കഴിയുമെന്ന് അവര്‍ പറഞ്ഞു.
വിര്‍ജീന കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി നൂര്‍ റാഷിദ് ബട്ട് ആണ് നാനോ ടെക്നോളജി ഉപയോഗിച്ചുള്ള തുണികൊണ്ട് നിര്‍മ്മിച്ച തെര്‍മല്‍ ഇന്‍സുലേറ്റിംഗ് ഗുണങ്ങളുള്ള ‘നാനോബയ’ എന്ന അബായ രൂപകല്‍പ്പന ചെയ്തത്.
‘തെര്‍മല്‍, ആന്റി ബാക്ടീരിയല്‍, യുവി-പ്രൊട്ടക്ഷന്‍, സെല്‍ഫ് ക്ലീനിംഗ്, അല്ലെങ്കില്‍ വാട്ടര്‍ റിപ്പല്ലന്റ് പ്രോപ്പര്‍ട്ടികള്‍ എന്നിവ ഉപയോഗിച്ച് ഫങ്ഷണല്‍ ടെക്‌സ്‌റ്റൈല്‍സ് വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വിപുലമായ പദ്ധതിയുടെ ഭാഗമാണ് ഡിസൈന്‍’ എന്ന് ശൈഖ മൗസ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തി.
വിസിയു ആര്‍ട്‌സ് ഖത്തറിലെ ഫിസിക്സ് പ്രൊഫസര്‍ ഖാലിജ് സഊദിന്റേയും ഫാഷന്‍ ഡിസൈന്‍ ചെയര്‍മാനായ ക്രിസ്റ്റഫര്‍ ഫ്രിങ്കിന്റെയും മേല്‍നോട്ടത്തിലാണ് പദ്ധതി നടന്നത്.