വസന്തത്തെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കുളിര് പെയ്യുന്ന വിന്റര്‍ ദിനരാത്രങ്ങള്‍ അവസാനിക്കുന്നു. രാജ്യം ഇന്ന് മുതല്‍ വസന്തത്തിന്റെ ആദ്യ സൂചനകള്‍ക്ക് സാക്ഷ്യം വഹിക്കും. 26 ദിവസം നീണ്ടുനില്‍ക്കുന്ന ഹമീമൈന്‍ (രണ്ട് ഹീറ്റ്സ്) സീസണ് ഇന്ന് തുടക്കമാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.
സീസണിന്റെ മധ്യത്തില്‍, പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം തുല്യമായിരിക്കും. പകല്‍ ചൂടുള്ള കാലാവസ്ഥയായിരിക്കും. ഖത്തറിലെ എല്ലാ പ്രദേശങ്ങളിലും വസന്തകാലത്തിന്റെ ആരംഭം കുറിക്കുന്നു.
അല്‍ സരായത്ത് എന്നറിയപ്പെടുന്ന ശക്തമായ, താഴ്ന്ന കാറ്റും ഈ സീസണില്‍ സജീവമാകും. ഖത്തറിലെ വസന്തകാലത്തിന്റെ സവിശേഷത തുടര്‍ച്ചയായ കാലാവസ്ഥാ ഏറ്റക്കുറച്ചിലുകളാണ്.
മാര്‍ച്ച് രണ്ടാം പകുതിയില്‍ രാജ്യത്തെ താപനില ക്രമേണ ഉയരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ഫെബ്രുവരിയിലെ കാലാവസ്ഥാ വിവരത്തിലൂടെ അറിയിച്ചിരുന്നു. മാര്‍ച്ച് മാസത്തിലെ പ്രതിദിന ശരാശരി താപനില 21.9 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.