Breaking News

റിയാദ് എയര്‍ : പുതിയ ദേശീയ വിമാന കമ്പനി പ്രഖ്യാപിച്ച് സൗദി അറേബ്യ

അമാനുല്ല വടക്കാങ്ങര

ദോഹ: ടൂറിസം രംഗത്തും വ്യോമഗതാഗത രംഗത്തും കുതിച്ചുചാട്ടത്തിനൊരുങ്ങി സൗദി അറേബ്യ . പെട്രോളേതര വ്യവസായങ്ങളില്‍ നിന്നുള്ള വരുമാനമുറപ്പിക്കുകയും ലോകത്തെ സൗദിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.

പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ റിയാദ് എയര്‍ സ്ഥാപിച്ചതായി സൗദി അറേബ്യ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ചെയര്‍മാനായ സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസാണ് ഇക്കാര്യം അറിയിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങള്‍ക്കിടയിലുള്ള സൗദി അറേബ്യയുടെ തന്ത്രപ്രധാനവും ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തുന്നതിനും വ്യാപാരം, ടൂറിസം എന്നീ മേഖലകളില്‍ റിയാദിനെ ലോകത്തിലേക്കുള്ള ഒരു കവാടവും ഗതാഗതത്തിന്റെ ആഗോള ലക്ഷ്യസ്ഥാനവുമാക്കുന്നതിനുമാണ് ഈ നീക്കം.

പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഗവര്‍ണറായ യാസിര്‍ അല്‍-റുമയ്യന്‍ റിയാദ് എയര്‍ ചെയര്‍മാനായിരിക്കുമെന്നും വ്യോമയാന, ഗതാഗത, ലോജിസ്റ്റിക് വ്യവസായങ്ങളില്‍ 40 വര്‍ഷത്തിലേറെ പരിചയമുള്ള ടോണി ഡഗ്ലസിനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

റിയാദ് എയര്‍ ഒരു ലോകോത്തര വിമാനക്കമ്പനിയാകും അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ സജ്ജീകരിച്ചിരിക്കുന്ന നൂതന വിമാനങ്ങളില്‍ ആഗോളതലത്തില്‍ മികച്ച സുസ്ഥിരതയും സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കും. എണ്ണ ഇതര ജിഡിപി വളര്‍ച്ചയിലേക്ക് എയര്‍ലൈന്‍ 20 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്നും പ്രത്യക്ഷമായും പരോക്ഷമായും 200,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

അടുത്തിടെ പ്രഖ്യാപിച്ച കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാസ്റ്റര്‍പ്ലാനിനൊപ്പം ഈ മേഖലയിലെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഏറ്റവും പുതിയ നിക്ഷേപത്തെ പ്രതിനിധീകരിക്കുന്നതാണ് പുതിയ ദേശീയ എയര്‍ലൈന്‍.

 

 

 

 

 

 

Related Articles

Back to top button
error: Content is protected !!