മന്‍സൂറ മേഖലയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് 12 കുടുംബങ്ങളെ ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ന് രാവിലെ മന്‍സൂറ മേഖലയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് 12 കുടുംബങ്ങളെ ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തകര്‍ന്ന കെട്ടിടവും ചുറ്റുമുള്ള കെട്ടിടങ്ങളും ഒഴിപ്പിച്ചതായും 12 കുടുംബങ്ങളെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും കമ്മ്യൂണിറ്റി പോലീസില്‍ നിന്ന് മാനസിക പരിചരണം ലഭിക്കുന്നുണ്ടെന്നും ഖത്തര്‍ ടിവി അഭിമുഖത്തില്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല അല്‍ മുഫ്ത പറഞ്ഞു.
ബിന്‍ ദുര്‍ഹാമിലെ അല്‍ ഖുദ്രി സ്ട്രീറ്റിലെ ഒരു കെട്ടിടം തകര്‍ന്നതിനെ കുറിച്ച് കൃത്യം 8:33 നാണ്് തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചത്. ഉടന്‍ തന്നെ ആംബുലന്‍സ്, ട്രാഫിക്, അല്‍ഫാസ, റെസ്‌ക്യൂ ടീമുകള്‍ അപകടസ്ഥലത്തേക്ക് കുതിക്കുകയും പ്രദേശത്തിന്റെ സമ്പൂര്‍ണ നിയന്ത്രണമേറ്റെടുക്കുകയും ചെയ്തു.
7 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഒരാള്‍ മരണത്തിന് കീഴടങ്ങി. തകര്‍ച്ചയില്‍ പരിക്കേറ്റവര്‍ക്ക് നിലവില്‍ ആശുപത്രിയില്‍ ആവശ്യമായ പരിചരണം നല്‍കുന്നതായും അധികൃതര്‍ അറിയിച്ചു.