കപ്പടിച്ച് കേരളവര്‍മ്മ കോളേജ് അലുമിനി
ദോഹ. പാലക്കാട് എന്‍ എസ് എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ അനക്‌സ് അതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം സില്‍ഫസ്റ്റ 23 എന്ന പേരില്‍ ആഘോഷിക്കുകയാണ്. കായികം – സാങ്കേതികം – സാസ്‌കാരികം എന്നീ മൂന്ന് വ്യത്യസ്ത മേഖലകളിലെ പരിപാടികളുമായി നടക്കുന്ന ആഘോഷത്തിന്റെ ആദ്യ ഘട്ടത്തിന്റെ തുടക്കം ഇന്റര്‍ അലുംനി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലൂടെയാണ് കുറിച്ചത്. പതിനാറ് ടീമുകള്‍ പങ്കെടുത്ത് വക്രയിലെ ഖത്തര്‍ അക്കാദമി ഗ്രൗണ്ടില്‍ നടന്ന ദ്വിദിന ടൂര്‍ണമെന്റില്‍ ശ്രീ കേരള വര്‍മ കോളേജ് അലുംനിയാണ് കിരീടം ചൂടിയത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വയനാട് എഞ്ചിനീയറിംഗ് കോളേജിനെ കീഴടക്കിയാണ് ചാമ്പ്യന്‍സ് ട്രോഫിയും രണ്ടായിരത്തി അഞ്ഞൂറ് റിയാല്‍ സമ്മാനതുകയും അവര്‍ സ്വന്തമാക്കിയത്. ഏറ്റവും മികച്ച ഗോള്‍ കീപ്പറായി വയനാട് എഞ്ചിനീയറിംഗ് കോളേജിന്റെ അമീര്‍ സുഹൈല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടോപ് സ്‌കോറര്‍ക്കുള്ള ട്രോഫി ശ്രീ കേരള വര്‍മ കോളേജിന്റെ മൗസൂഫ് നൈസാന്‍ കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ വയനാട് എഞ്ചിനീയറിംഗ് കോളേജ് കപ്പും ആയിരത്തി അഞ്ഞൂറ് റിയാല്‍ സമ്മാനതുകയും കരസ്ഥമാക്കി. വനിതകള്‍ക്കായി ഒരുക്കിയ പെനാല്‍റ്റി ഷൂട്ട് ഔട്ടിലും ശ്രീ കേരള വര്‍മ കോളേജ് അലുംനിയാണ് വിജയം നേടിയത്.
സമ്മാനദാനം നല്‍കാന്‍ ആന്‍വിന്‍ ഖത്തര്‍ സി ഇ ഒ ദിലീപ് ബാലകൃഷ്ണന്‍, സംഘാടക സമിതി ചെയര്‍മാന്‍ സന്തോഷ് നാരായണന്‍, അനക്‌സ് പ്രസിഡന്റ് ആഷിഖ് അഹ്‌മദ്, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റിയാസ്, സ്‌പോണ്‍സര്‍ഷിപ്പ് കമ്മറ്റി കണ്‍വീനര്‍ അരുണ്‍ ബിഎം എന്നിവര്‍ നേതൃത്വം നല്‍കി. ആതിഥേയരായ അനക്‌സിനെ കൂടാതെ, മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, എം ഇ എസ് കോളേജ് ആലുവ, ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് കണ്ണൂര്‍, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്, അല്‍ അമീന്‍ കോളേജ്, ശ്രീ ചിത്തിര തിരുനാള്‍ കോളേജ്, എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ്, കെ ഇ എഫ് പി എ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട്, എ ഡബ്ല്യൂ എച്ച് കോളേജ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി എഞ്ചിനീയറിംഗ് കോളേജ്, വിശ്വ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എന്നിവയായിരുന്നു പങ്കെടുത്ത മറ്റു ടീമുകള്‍. ജിഷാദ്, സവാദ് ഷബിന്‍ എന്നിവരായിരുന്നു മത്സരങ്ങള്‍ നിയന്ത്രിച്ചത്.