Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

സംഗീതത്തെ പ്രണയിക്കുന്ന ഫായിസ് ഉമര്‍

ഡോ. അമാനുല്ല വടക്കാങ്ങര

സംഗീതത്തെ പ്രണയിക്കുന്ന കലാകാരനാണ് ഫായിസ് ഉമര്‍. ഖത്തറിലെ ഒരു കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തില്‍ എക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഫായിസ് പാടാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. ഈയിടെ അലെസാഹ് ശാസ് മീഡിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷംസീര്‍ അബ്ദുല്ല നിര്‍മിച്ച് അന്‍ഷാദ് തൃശൂരിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു കൊട്ട പൊന്നുണ്ടല്ലോ എന്ന ഗാനത്തിന്റെ റീമിക്സ് വേര്‍ഷനിലൂം ഫായിസിന്റെ പങ്കാളിത്തമുണ്ടായിരുന്നു.

തൃശൂര്‍ ജില്ലയിലെ കേച്ചേരി സ്വദേശിയായ ഫായിസിന് ചെറുപ്പം മുതലേ പാട്ടുകളോട് കമ്പമുണ്ടായിരുന്നെങ്കിലും പാട്ടുപഠിക്കാനുള്ള സൗകര്യം ലഭിച്ചില്ല. ധാരാളം പാട്ടുകള്‍ പാടിയും കേട്ടും സംഗീതത്തെ പ്രണയിച്ച ഫായിസ് സ്‌ക്കൂള്‍ കലോല്‍സവങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഫായിസിന്റെ ഉമ്മ സൈനബയായിരുന്നു അവനെ ഏറ്റവുമധികം പ്രോല്‍സാഹിപ്പിച്ചത്. ദീര്‍ഘകാലമായി ഖത്തറില്‍ ബിസിനസുകാരനായ ഉമര്‍ ഹാജിയാണ് ഫായിസിന്റെ പിതാവ്.

തൃശൂര്‍ കേരള വര്‍മ കോളേജില്‍ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ ചെയ്തപ്പോഴും സംഗീതവേദികളിലെ സജീവ സാന്നിധ്യമായി ഫായിസുണ്ടായിരുന്നു. കൊമേര്‍സില്‍ മാസ്റ്റേര്‍സ് ബിരുദമെടുത്ത് കണക്കുകളുടെ ലോകത്ത് ജോലി ചെയ്യുമ്പോഴും ഫായിസിനെ ഏറ്റവും പ്രചോദിപ്പിക്കുന്നത് പാട്ട് വേദികളാണ്. കൊറോണ കാരണം കാര്യമായ വേദികളൊന്നുമില്ലെങ്കിലും വീണുകിട്ടുന്ന ചെറിയ അവസരങ്ങളെ ആഘോഷമാക്കിയാണ് ഫായിസ് ആനന്ദം കണ്ടെത്തുന്നത്.

പാട്ടുപാടി തുടങ്ങിയപ്പോള്‍ ലഭിച്ച വിശാലമായ സൗഹൃദം സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്നുണ്ട്. ഡ്രൈവിംഗ് സ്‌ക്കൂളില്‍ ചേര്‍ന്ന സമയത്ത് തികച്ചും യാദൃശ്ചികമായാണ് ഖത്തറിലെ സംഗീതസംവിധായകനായ അന്‍ഷാദ് തൃശൂരിനെ പരിചയപ്പെട്ടത്. തന്റെ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായി അന്‍ഷാദിനെ കിട്ടിയതോടെ പഠനം മാത്രമല്ല സംഗീതജീവിതവും ആഘോഷമായി.

മാപ്പിളപ്പാട്ടുകള്‍ പാടിയാണ് തുടങ്ങിയതെങ്കിലും എല്ലാ തരം പാട്ടുകളും ഫായിസിന് വഴങ്ങും. അറബി പാട്ടുകളോട് പ്രത്യേക താല്‍പര്യമുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ് ഗാനങ്ങളും ഗസലുകളും പാടി സഹൃദരുടെ കയ്യടി വാങ്ങുന്ന ഫായിസ് സ്വന്തമായ താല്‍പര്യത്തില്‍ യു ട്യൂബ് നോക്കിയും കൂട്ടുകാരോട് ചോദിച്ചുമൊക്കെയാണ് ഗിത്താര്‍ വായിക്കാന്‍ പഠിച്ചതെന്നത് അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള താല്‍പര്യമാണ് അടയാളപ്പെടുത്തുന്നത്.

Related Articles

Back to top button