പി എസ് എം ഓ കോളേജ് അലുംനി അസോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ മീറ്റ്
അമാനുല്ല വടക്കാങ്ങര
ദോഹ : പി എസ് എം ഓ കോളേജ് അലുംനി അസോസിയേഷന്‍ ഖത്തര്‍ (പാഖ്) അലുംനി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഇരുന്നൂരില്‍ പരം ആളുകള്‍ പങ്കെടുത്ത സംഗമത്തില്‍, എക്‌സിക്യൂട്ടീവ് അംഗം സുഹൈല്‍ ചേരട ‘റമദാനിന്റെ സന്ദേശം’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ദേഹേച്ഛകളെ വിട്ട് ദൈവേച്ഛയിലേക്കുള്ള പരിവര്‍ത്തനമാണ് റമദാന്‍ വ്രതം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആത്മസംസ്‌കരണത്തിന് ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഫൗണ്ടര്‍ പ്രസിഡണ്ട് അബ്ദുള്ള മൊയ്തീന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിന് പാഖ് പ്രസിഡണ്ട് അബ്ദുല്‍ ഹക്കീം കാപ്പന്‍ അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ അസീസ് ചെവിടിക്കുന്നന്‍ ‘പ്രവാസി വെല്‍ഫെയര്‍’ എന്ന വിഷയം അവതരിപ്പിച്ചു. ഐസിബിഎഫ് ഇന്‍ഷുറന്‍സ്, പ്രവാസി ഐഡി കാര്‍ഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി ഡിവിഡന്റ് ഫണ്ട് എന്നീ പദ്ധതികളെ കുറിച്ച് അദ്ദേഹം വിവരിച്ചു. ഖത്തര്‍ ഫിഫ 2022 പാഖ് കുടുംബത്തില്‍ നിന്നും സജീവമായി പങ്കെടുത്ത വളണ്ടിയര്‍മാരെ പരിപാടിയില്‍ ആദരിച്ചു. അഹ്മദ് സാബിര്‍, ഹംസ വലിയ പറമ്പില്‍, സലാഹുദ്ദീന്‍ കാപ്പന്‍, മുഹമ്മദ് റഫീഖ്, ഇര്‍ഷാദ പള്ളിയാരം വീട്ടില്‍ എന്നിവര്‍ക്ക് പൊന്നാടയും പ്രശസ്തി പത്രവും നല്‍കി വേദിയില്‍ ആദരിച്ചു . കോണ്‍ഫെഡറേഷന്‍ ഓഫ് അലുംനി അസോസിയേഷന്‍സ് ഓഫ് കേരള (കാക് ഖത്തര്‍ ) യുടെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പാഖ് അംഗങ്ങളായ അബ്ദുല്‍ അസീസ് ചെവിടക്കുന്നന്‍, ജുനൈബ സൂരജ് എന്നിവരെയും പരിപാടിയില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി ഹസീബ് കെ ടി സ്വാഗതവും വൈസ് പ്രസിഡന്റ് സഫ്വാന്‍ അബ്ദുല്‍സലാം നന്ദിയും പറഞ്ഞു.