മികച്ച 300 സര്‍വകലാശാലകള്‍ക്ക് മാത്രമേ ഖത്തറില്‍ ശാഖകള്‍ തുറക്കാന്‍ കഴിയൂ
അമാനുല്ല വടക്കാങ്ങര
ദോഹ: ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലോകാടിസ്ഥാനത്തില്‍ മികച്ച 300 സര്‍വകലാശാലകള്‍ക്ക് മാത്രമേ ഖത്തറില്‍ ശാഖകള്‍ തുറക്കാന്‍ കഴിയൂവെന്ന്
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ കാര്യങ്ങളുടെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഡോ. ഖാലിദ് അല്‍ അലി വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ നയങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം, ലൈസന്‍സ്, അവയുടെ മേല്‍നോട്ടവും പരിപാടികളും സംബന്ധിച്ച പുതിയ കരട് നിയമം അന്തിമഘട്ടത്തിലാണ്, നിയമനിര്‍മ്മാണ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ഉടന്‍ പുറത്തിറക്കും. മന്ത്രാലയം പൊതു മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ബോര്‍ഡുകളിലൂടെ സര്‍വകലാശാലകളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുമ്പോള്‍ ഒരു പൊതു കുടയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സാധാരണയായി മന്ത്രാലയത്തിന്റെ പ്രതിനിധി ഉള്‍പ്പെടുന്ന ഡയറക്ടര്‍മാരാണ് ബോര്‍ഡുകളിലുണ്ടാവുക.
ഖത്തറില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ, സുരക്ഷാ, സൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 34 ആയതായി അദ്ദേഹം പറഞ്ഞു. ഏകദേശം 40,000 വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്.