Uncategorized

ജനസേവകര്‍ക്ക് കള്‍ച്ചറല്‍ ഫോറം ആദരം

ദോഹ.ജീവിതം കരുപ്പിടിപ്പിക്കാനും ഉറ്റവരെ ജീവിപ്പിക്കാനും പ്രവാസം തിരഞ്ഞെടുത്ത് പാതി വഴിക്ക് ഇടറി വിണവരെ പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി ഒരു നോക്ക് കാണാനും പിറന്ന മണ്ണില്‍ തന്നെ അവസാനമായി അന്തിയുറങ്ങുകയെന്ന അഭിലാഷ പൂര്‍ത്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ ഫോറം റിപ്പാട്രിയേഷന്‍ വിങ്ങിന് നേതൃത്വം നല്‍കുന്നവരെ ആദരിച്ചു. ഈയടുത്ത് നടന്ന മന്‍സൂറ കെട്ടിട ദുരന്തത്തില്‍ പെട്ടവരുടെയടക്കം ഭൗതിക ദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ രാപ്പകലില്ലാതെ മുന്നിട്ടിറങ്ങിയ ഷെറിന്‍ തൃശൂര്‍, റാസിഖ് എന്‍ കോഴിക്കോട്, റസാഖ് കാരാട്ട് എന്നിവരെയാണ് ആദരിച്ചത്. പ്രിയപ്പെട്ടവന്റെ നിശ്ചലമായ മുഖമെങ്കിലും കാണാന്‍ കണ്ണീരണിഞ്ഞ് കാത്തിരിക്കുന്നവര്‍ക്കും മോഹങ്ങള്‍ക്ക് അര്‍ധവിരാമമിട്ട് യാത്രയായവരുടെ ഭൗതിക ശരീരത്തിനും ഇടക്ക് നിന്ന് വിങ്ങുന്ന മനസ്സോടെയുള്ള റിപ്പാട്രിയേഷന്‍ വിങ്ങിന്റെ പ്രവര്‍ത്തനം ഏറെ ശ്രമകരമാണ്. മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ എത്തിയവരുടെയും ധാരാളം കേസുകള്‍ ഇതിനോടകം ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. യാതൊരു മുന്‍പരിചയവുമില്ലാത്ത പലരെയും ആദ്യത്തെയും അവസാനത്തെയും കാഴ്ച ഹമദ് മോര്‍ച്ചറിയില്‍ നിന്നാണെന്ന ദുര്യോഗവും ഇവര്‍ക്കുണ്ട്. അത്യാഹിത വാര്‍ത്ത ഇവരെ തേടിയെത്തുന്ന മുറയ്ക്ക് ഹമദ് ഹോസ്പിറ്റല്‍ പരിസരം തന്നെ ഓഫീസാക്കി മാറ്റി ഇന്ത്യന്‍ എമ്പസി, അപെക്‌സ് ബോഡികള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, തുടങ്ങിയവയുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കി എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷമേ വിശ്രമിക്കാറുള്ളൂ

കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ് പൊന്നാടയണിയിച്ചു. വൈസ് പ്രസിഡണ്ടുമാരായ ചന്ദ്രമോഹനന്‍, മുഹമ്മദ് റാഫി, സജ്‌ന സാക്കി, ഷാനവാസ് ഖാലിദ്. ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!