മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ 28 ഭക്ഷ്യസുരക്ഷ പദ്ധതികള്‍ പൂര്‍ത്തീകരണത്തോടടുക്കുന്നു

അമാനുല്ല വടക്കാങ്ങര
ദോഹ. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാര്‍ഷിക കാര്യ വിഭാഗം രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി നടപ്പാക്കുന്ന 28 തന്ത്രപ്രധാന പദ്ധതികളും സംരംഭങ്ങളും പൂര്ത്തീകരണത്തോടടു ക്കുന്നു. രാജ്യത്ത് ഡേറ്റ് പ്രൊഡക്ഷന്‍ സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി 99 ശതമാനം പൂര്‍ത്തിയായതായി ഖത്തര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. പച്ചക്കറികളുടെ സുസ്ഥിര ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ 99 ശതമാനവും ജൈവകൃഷിയുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിനുള്ള സംരംഭത്തിന്റെ 83 ശതമാനവും പൂര്‍ത്തിയായി. കാര്‍ഷിക സഹായ സംരംഭത്തിന്റെ 77 ശതമാനവും ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള സംരംഭത്തിന്റെ 76 ശതമാനവും പൂര്‍ത്തിയായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വിപണനത്തിനായുള്ള കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണം നടത്തുന്നതിനുള്ള സംരംഭത്തിന്റെ 99 ശതമാനവും പൂര്‍ത്തിയായി. റിപ്പോര്‍ട്ട് പ്രകാരം, 78 ശതമാനം ദേശീയ ഹണീബീ പ്രോഗ്രാം പൂര്‍ത്തിയായി. കാര്‍ഷിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉല്‍പ്പാദന വിപണന ഡാറ്റാബേസ് വികസിപ്പിക്കുന്നതിനുള്ള സംരംഭത്തിന്റെ 90 ശതമാനവും ഗവേഷണ നിലയങ്ങളുടെയും കാര്‍ഷിക ലബോറട്ടറികളുടെയും ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള സംരംഭത്തിന്റെ 100 ശതമാനവും പൂര്‍ത്തിയായി. കൂടാതെ 3,478 ഹരിതഗൃഹങ്ങള്‍ പ്രാദേശിക കൃഷിയിടങ്ങളില്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായുള്ള ഹരിതഗൃഹങ്ങള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി 666 ഹെക്ടര്‍ സ്ഥലത്ത് ഹരിതഗൃഹങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മേച്ചില്‍പ്പുറങ്ങള്‍ വികസിപ്പിക്കുന്നതിനും പച്ചപ്പുല്ല് ഉല്‍പ്പാദിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ 99 ശതമാനത്തിലെത്തി. പച്ചക്കറികളും ഈത്തപ്പഴവും വിപണനം ചെയ്യുന്നതിനുള്ള അഞ്ച് പ്രധാന സംരംഭങ്ങള്‍ നടപ്പാക്കിവരുന്നു.
ഭൂമിശാസ്ത്രപരമായി ഭൂമിയിലെ ‘ഏറ്റവും ഫലഭൂയിഷ്ഠമായ’ സ്ഥലങ്ങളില്‍ ഒന്നല്ലെങ്കിലും, സമൃദ്ധമായ മഴയുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിലും, തന്ത്രപരമായ ആസൂത്രണത്തിലൂടെയും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിലൂടെയും തങ്ങളുടെ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ വര്‍ഷങ്ങളോളം ജ്ഞാനപൂര്‍വമായ നിക്ഷേപങ്ങള്‍ നടത്തി ഖത്തര്‍ അസൂയാവഹമായ മുന്നേറ്റം തുടരുകയാണ്.
ഹമദ് തുറമുഖത്ത് സ്ട്രാറ്റജിക് ഫുഡ് സെക്യൂരിറ്റി ഫെസിലിറ്റികള്‍ വികസിപ്പിക്കുന്നതിനുള്ള 1.6 ബില്യണ്‍ ഖത്തര്‍ റിയാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത സ്വാഗതാര്‍ഹമായ സംഭവവികാസമാണ്. ഈ പദ്ധതി ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കും. ഏകദേശം 53 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന സുപ്രധാന പദ്ധതി ഖത്തര്‍ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന് അനുസൃതമായാണ്.