Uncategorized

പ്രഥമ ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് ഉജ്വല തുടക്കം


അമാനുല്ല വടക്കാങ്ങര

ദോഹ: പ്രഥമ ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉജ്വല തുടക്കം. രണ്ടായിരത്തിലധികം സന്ദര്‍ശകരാണ് ഉദ്ഘാടന ദിവസം ടോയ് ഫെസ്റ്റിവലിനെത്തിയത്.

സ്പേസ്ടൂണ്‍ ടിവിയുമായി സഹകരിച്ച് ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആനന്ദകരമായ അനുഭവം പ്രദാനം ചെയ്യുന്നതാണ് . വേനവലധി ആഘോഷിക്കുന്ന കുട്ടികള്‍ക്ക് ആവേശവും സന്തോഷവും അനന്തമായ വിനോദവും നിറഞ്ഞ 24 ദിവസങ്ങളുടെ തുടക്കം കുറിക്കുന്ന ബലൂണുകളുടെ മാസ്മരികതയോയൊണ് പരിപാടി ആരംഭിച്ചത്.

സന്ദര്‍ശകര്‍ ഫെസ്റ്റിവലിലേക്ക് കാലുകുത്തുമ്പോള്‍ തന്നെ, വിചിത്രമായ ഒരു യക്ഷിക്കഥയെ അനുസ്മരിപ്പിക്കുന്ന ഊര്‍ജ്ജസ്വലമായ അന്തരീക്ഷം അവരെ സ്വാഗതം ചെയ്യുന്നു. നീല, പിങ്ക്, മഞ്ഞ, ചുവപ്പ്, ടര്‍ക്കോയ്‌സ് എന്നീ നിറങ്ങളിലുള്ള വര്‍ണ്ണാഭമായ, വലിയ ടെഡി ബിയറുകളെ കാണാം. സന്ദര്‍ശകരെ സ്വീകരിക്കാനും ബാല്യകാല അത്ഭുതങ്ങളുടെ സാമ്രാജ്യത്തിലേക്ക് മിഴിതുറക്കുന്ന ഒരു മാന്ത്രികതയിലേക്ക് കൊണ്ടുപോകാനുമുള്ള സജ്ജീകരണങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

ഫെസ്റ്റിവലിന്റെ ആദ്യ ദിവസം തന്നെ 2000-ത്തിലധികം പേര്‍ പങ്കെടുത്തതായി സ്‌പേസ്ടൂണ്‍ ടിവി വക്താവ് അഹ്‌മദ് വെയ്‌സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 50,000-ത്തിലധികം ആളുകള്‍ ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ കളിപ്പാട്ടങ്ങളാണ് ഉത്സവത്തിന്റെ ആകര്‍ഷണം. ബാര്‍ണി, ബാര്‍ബി, ബ്ലീപ്പി, ആന്‍ഗ്രി ബേര്‍ഡ്സ്, സോണിക്, ട്രാന്‍സ്ഫോര്‍മറുകള്‍ തുടങ്ങി 25-ലധികം പേരുകളുള്ള, വൈവിധ്യമാര്‍ന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഫെസ്റ്റിവലിന്റെ ഭാഗമാണ്.

ഇന്നും നാളെയും, ജൂലൈ 14, 15 തീയതികളില്‍, സിറിയന്‍ കാര്‍ട്ടൂണ്‍ ഡബ്ബിംഗ് വ്യവസായത്തിന് നല്‍കിയ സംഭാവനകള്‍ക്കും ജനപ്രിയ കാര്‍ട്ടൂണുകള്‍ക്കും ആനിമേഷനുകള്‍ക്കുമായി അറബി തീം സോങ്ങുകള്‍ അവതരിപ്പിച്ചതിനും പേരുകേട്ട സിറിയന്‍ ഗായികയും ഗാനരചയിതാവുമായ റാഷാ റിസ്‌കിന്റെ ഏറെ പ്രതീക്ഷയോടെയുള്ള സംഗീത പരിപാടിക്കായി സന്ദര്‍ശകര്‍ക്ക് കാത്തിരിക്കാം. റിസ്‌കിന്റെ രണ്ട് കച്ചേരികള്‍ക്കുളള ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റുതീര്‍ന്നിട്ടുണ്ട്.

വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന എണ്ണമറ്റ ബൂത്തുകള്‍ക്ക് പുറമേ, ദിവസേനയുള്ള റോമിംഗ് ഷോകളും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങളും ഫെസ്റ്റിവലിനെ മനോഹരമാക്കും. ആംഗ്രി ബേര്‍ഡ്സില്‍ നിന്നുള്ള റെഡ്, ബോംബ്, ചക്ക്, കൊകോമലോണില്‍ നിന്നുള്ള ജെജെ, സോണിക് ദി ഹെഡ്‌ജോഗ് വീഡിയോ ഗെയിമില്‍ നിന്നുള്ള ആമി, സണ്‍ഗ്ലാസ് ഇമോജികള്‍ തുടങ്ങിയ പ്രിയപ്പെട്ട ചിഹ്നങ്ങളുടെ സാന്നിധ്യം കുട്ടികളുടെ ആവേശം വര്‍ധിപ്പിക്കുന്നവയാണ്. ഇന്നലെ കൊക്കോമെലോണില്‍ നിന്നുള്ള ജെജെ കുട്ടികളുടെ മനം കവര്‍ന്നതായും , കുട്ടികള്‍ ആ കഥാപാത്രത്തെ സന്തോഷത്തോടെ സ്വീകരിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുടുംബങ്ങള്‍ക്ക് ഒത്തുചേരാന്‍ കഴിയുന്ന ഒരു ഇടം സൃഷ്ടിക്കുക എന്നതാണ് ഉത്സവത്തിന്റെ ഉദ്ദേശ്യമെന്ന് വെയ്സ് ഊന്നിപ്പറഞ്ഞു, മാതാപിതാക്കള്‍ക്ക് കുട്ടികളോടൊപ്പം ഗുണനിലവാരമുള്ള സമയം ആസ്വദിക്കാന്‍ അനുവദിക്കുന്നുവെന്നതും ഫെസ്റ്റിവലിന്റെ സവിശേഷതയാണ് .

Related Articles

Back to top button
error: Content is protected !!