Uncategorized

സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു

ദോഹ. സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തറുമായി സഹകരിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ് സമാപിച്ചു. എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഷഹാനിയയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ വിവിധ സെഷനുകളിലായി നിര്‍മിതബുദ്ധി (എ.ഐ) സാങ്കേതിക വിദ്യ, കരിയര്‍ ഗൈഡന്‍സ്, ധാര്‍മ്മിക-വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ വിഷയാവതരണവും ചര്‍ച്ചയും നടന്നു. വിദ്യാര്‍ഥികളില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് ഫുട്‌ബോള്‍, വടം വലി, വാട്ടര്‍പോളോ തുടങ്ങിയ മത്സരങ്ങളും മറ്റു ഗെയിമുകളും ദൈനംദിന ജീവിതത്തിലെ വ്യായാമങ്ങളുമായി ബന്ധപ്പെട്ട സെഷനും സംഘാടകര്‍ ഒരുക്കിയിരുന്നു.

വിദ്യാഭ്യാസ മേഖലയില്‍ നിര്‍മിത ബുദ്ധി ടൂളുകളുടെ സാധ്യതകളെക്കുറിച്ച് ഫഹദ് ഹനീഫ, മുബാറക് മുഹമ്മദ് എന്നിവര്‍ വിഷയമവതരിപ്പിച്ച് സംസാരിച്ചു. ആസ്‌ക് ദി സ്‌കോളര്‍ സെഷനില്‍ ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി, കള്‍ച്ചറല്‍ എക്‌സപെഡിഷന്‍ എന്ന വിഷയത്തില്‍ ഹുസൈന്‍ കടന്നമണ്ണ, ഫ്രണ്ട്ഷിപ്പ് റീല്‍ ആന്‍ഡ് റിയല്‍ എന്ന തലക്കെട്ടില്‍ ജംഷീദ് ഇബ്‌റാഹിം, വ്യക്തിത്വ വികാസം ഇസ് ലാമിക വീക്ഷണത്തില്‍ ശൈഖ് അബൂ ഹനീഫ എന്നിവര്‍ പങ്കെടുത്തു. മറ്റു സെഷനുകളിലായി ഷഫീഖ് അലി, അസ് ലം തൌഫീഖ്, ഡോ. സലീല്‍ ഹസന്‍, ഷാകിര്‍, ഷാബിര്‍ ഹമീദ് എന്നിവരും പങ്കെടുത്തു.

യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ, സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ പ്രസിഡന്റ് സഅദ് അമാനുല്ല, ജനറല്‍ സെക്രട്ടറി അബ്‌സല്‍ മുഹമ്മദ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ഭാവി തലമുറക്ക് അവരുടെ കരിയറിനെക്കുറിച്ച ഉള്‍ക്കാഴ്ച നല്‍കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ വിദ്യാര്‍ഥികളില്‍ ശാരീരിക, മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിനും അവരെ ആത്മവിശ്വാസമുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുന്നതിനുമായി യൂത്ത് ഫോറം സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലന പരിപാടികളും ശില്‍പശാലകളും സംഘടിപ്പിച്ചിരുന്നു.

വിജയകരമായ ഒരു സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചതിന് യൂത്ത് ഫോറം ഖത്തറിനും സ്റ്റുഡന്റ്‌സ് ഇന്ത്യക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി അറിയിക്കുകയാണെന്നും, പഠന, വിനോദ, വിജഞാന സെഷനുകളിലൂടെ വിദ്യാര്‍ഥികള്‍ ക്യാമ്പ് ആസ്വദിച്ചുവെന്ന് ഉറപ്പു പറയാനാകുമെന്നും രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.

വിജയകരമായ ഒരു ക്യാമ്പ് കൂടി സംഘടിപ്പിക്കാനായതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും ക്യാമ്പില്‍ പങ്കെടുത്ത ഓരോ വിദ്യാര്‍ഥിക്കും മികച്ച അനുഭവം നല്‍കാനും അവരില്‍ ധാര്‍മിക, സാമൂഹിക പ്രതിബദ്ധത മൂല്യങ്ങളെക്കുറിച്ച അവബോധം സൃഷ്ടിക്കാന്‍ ക്യാമ്പിന് കഴിഞ്ഞിട്ടുണ്ടെന്നും യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് എസ്.എസ് മുസ്തഫ പറഞ്ഞു.

സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ കഴിയുന്ന ഈ യുവതലമുറയുടെ കൂട്ടായ പ്രയത്‌നങ്ങള്‍ ശോഭനമായ, കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു ഭാവിക്ക് വഴിയൊരുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും എസ്.എസ് മുസ്തഫ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളിലെ സമര്‍പ്പണബോധത്തിലൂടെയും സഹാനുഭൂതിയിലൂടെയും നൂതനമായ ചിന്തയിലൂടെയും നല്ല സമൂഹത്തെ വളര്‍ത്തിക്കൊണ്ട് വരാന്‍ അവര്‍ക്ക് പ്രാപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി എല്ലാ വര്‍ഷവും യൂത്ത് ഫോറം സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ച് വരുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!