എട്ടാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവല്‍ ഇന്നു മുതല്‍ സൂഖ് വാഖിഫില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ എട്ടാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവല്‍ ഇന്നുമുതല്‍ ഓഗസ്റ്റ് 5 വരെ സൂഖ് വാഖിഫില്‍ നടക്കും. സൂഖ് വാഖിഫിലെ അല്‍ അഹമ്മദ് സ്‌ക്വയറിലാണ് ഉത്സവം.
വാര്‍ഷിക ഈന്തപ്പഴോത്സവത്തില്‍ അല്‍ ഖലാസ്, അല്‍ ഖെനൈസി, അല്‍ ഷിഷി, അല്‍ ബര്‍ഹി, അല്‍ സഖായ്, അല്‍ റാസിസി, നാബ്ത് സെയ്ഫ്, അല്‍ ലുലു എന്നിവയുള്‍പ്പെടെ എല്ലാ ഖത്തറി ഈത്തപ്പഴ ഇനങ്ങളും ഡേറ്റ് സിറപ്പും മിതമായ വിലക്ക് ലഭിക്കും.
സാധാരണ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 9 മണി വരെയായിരിക്കും ഫെസ്റ്റിവല്‍ . വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 10 മണിവരെയാണ് മേള നടക്കുക.
രാജ്യത്തുടനീളമുള്ള പ്രത്യേക കമ്പനികളുടേയും ഫാമുകളുടേയും പങ്കാളിത്തമുള്ള ഈത്തപ്പഴ മേള സ്വദേശികള്‍ക്കും വിദേശികള്‍ക്കും വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങള്‍ രുചിക്കാനും വാങ്ങാനും അവസരം നല്‍കും. റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയിലാണ് മേളയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക
നൂറിലധികം പ്രാദേശിക ഫാമുകള്‍ ഫെസ്റ്റിവലില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും ഫെസ്റ്റിവലിന്റെ സൂപ്പര്‍വൈസറുമായ അഹമ്മദ് സലേം അല്‍-യാഫി പറഞ്ഞു.
മുനിസിപ്പാലിറ്റി മന്ത്രാലയവും സൂഖ് വാഖിഫ് മാനേജ്‌മെന്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍, ഈത്തപ്പഴം ഉള്‍പ്പെടെയുള്ള എല്ലാ ദേശീയ ഉല്‍പന്നങ്ങളുടെയും പ്രാദേശിക ഉല്‍പ്പാദനത്തെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണ്. കാര്‍ഷിക മേഖല വികസിപ്പിക്കാനുള്ള താല്‍പര്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷ കൈവരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കൂടാതെ, ഉല്‍പ്പാദനം മെച്ചപ്പെടുത്താന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഈന്തപ്പഴോത്സവം ശ്രമിക്കുന്നു.