Uncategorized

ഖത്തറില്‍ സ്വകാര്യ ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ ആരോഗ്യ രേഖകള്‍ ബന്ധിപ്പിക്കാന്‍ പദ്ധതി


അമാനുല്ല വടക്കാങ്ങര

ദോഹ: രോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ടെസ്റ്റുകളും സ്‌ക്രീനിംഗും ആവര്‍ത്തിക്കാതിരിക്കാനും മികച്ച ചികില്‍സ ഉറപ്പുവരുത്താനും ഖത്തറില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ ആരോഗ്യ രേഖകള്‍ ബന്ധിപ്പിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) പദ്ധതിയിടുന്നതായി നോണ്‍-കമ്മ്യൂണിക്കബിള്‍ ഡിസീസ് പ്രിവന്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഷെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഖത്തര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മെഡിക്കല്‍ ടെസ്റ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യ സൗകര്യങ്ങളെ സ്വകാര്യ ആശുപത്രികളുമായി ബന്ധിപ്പിക്കുക എന്നതാണ് 2024-ലെ ഞങ്ങളുടെ അഭിലാഷ പദ്ധതി. ഒരിക്കല്‍ ഒരു മെഡിക്കല്‍ ടെസ്റ്റ് നടത്തിയാല്‍ അത് മറ്റൊരു ഡോക്ടര്‍ ആവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്നും ആവര്‍ത്തിച്ചുള്ള പരിശോധനകള്‍ ഒഴിവാക്കുന്നത് രോഗികളുടെ സമയവും ചെലവും ലാഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

”ഞങ്ങള്‍ രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി എന്നിവ പോലുള്ള പകര്‍ച്ചവ്യാധികള്‍ അല്ലാത്ത രോഗങ്ങള്‍ ആദ്യഘട്ടങ്ങളില്‍ കണ്ടെത്തുന്നതിന് ആരോഗ്യ പരിശോധന നടത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും,” ഷെയ്ഖ് ഡോ. മുഹമ്മദ് പറഞ്ഞു.

ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ദന്തപരിശോധനയ്ക്ക് വിധേയരാകാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘

ഖത്തറില്‍ 19 ആശുപത്രികളുണ്ട്, അവയില്‍ അഞ്ചെണ്ണം ലോകത്തിലെ മികച്ച 250 അക്കാദമിക് മെഡിക്കല്‍ സെന്ററുകളില്‍ ഇടം നേടിയിട്ടുണ്ട്. കൂടാതെ, രാജ്യത്തുടനീളം നിരവധി ആരോഗ്യ കേന്ദ്രങ്ങളുണ്ട്,’ശൈഖ് ഡോ. മുഹമ്മദ് പറഞ്ഞു.

ഖത്തര്‍ റെഡ് ക്രസന്റ് തൊഴിലാളികള്‍ക്കായി നടത്തുന്ന ആരോഗ്യ കേന്ദ്രങ്ങളും പ്രവാസി തൊഴിലാളികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് വളരെയധികം സംഭാവന നല്‍കുന്നതായി,’ ഷെയ്ഖ് ഡോ. മുഹമ്മദ് പറഞ്ഞു.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 31 ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

’10 സ്വകാര്യ ആശുപത്രികളുണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നടപ്പിലാക്കുമ്പോള്‍ അവ വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഷെയ്ഖ് ഡോ. മുഹമ്മദ് പറഞ്ഞു.

ഖത്തറില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 30,000 പേരും സ്വകാര്യ ആശുപത്രികളില്‍ ഏകദേശം 20,000 പേരും ഉല്‍കൊള്ളുന്ന ശക്തമായ ആരോഗ്യ സേനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!