ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം
ദോഹ. ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം.
ഏറെ ആവേശത്തോടെയും ദേശസ്‌നേഹത്തോടെയുമാണ് ഇന്ത്യന്‍ സമൂഹം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഐസിസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ വിപുല്‍ ദേശീയ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തതിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിച്ച അംബാസഡര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശം പിന്തുടരാനും 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുമെന്ന പഞ്ചപ്രാണ പ്രതിജ്ഞയെടുക്കാനും ഇന്ത്യന്‍ സമൂഹത്തോടാവശ്യപ്പെട്ടു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വര്‍ഷമായതിനാല്‍ ഈ വര്‍ഷം ഉഭയകക്ഷി ബന്ധത്തിന്റെ നാഴികക്കല്ലാണെന്നും ഈ പ്രത്യേക അവസരം ആഘോഷിക്കാന്‍ കമ്മ്യൂണിറ്റിയില്‍ ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
ഖത്തറിലുള്ള ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാനുള്ള തന്റെയും എംബസിയുടെയും പ്രതിബദ്ധതയും അംബാസഡര്‍ പ്രകടിപ്പിച്ചു. എംബസിയുടെ വാതിലുകള്‍ എല്ലായ്പ്പോഴും അവര്‍ക്കായി തുറന്നിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
വിവിധ ഇന്ത്യന്‍ സ്‌കൂളുകളും പതാക ഉയര്‍ത്തുകയും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സവിശേഷമാക്കുകയും ചെയ്തു.