Uncategorized

ഖത്തറില്‍ അഞ്ച് സീസണല്‍ പച്ചക്കറി മാര്‍ക്കറ്റുകള്‍ വീണ്ടും തുറന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം


അമാനുല്ല വടക്കാങ്ങര

ദോഹ . ഖത്തറില്‍ അഞ്ച് സീസണല്‍ പച്ചക്കറി മാര്‍ക്കറ്റുകള്‍ വീണ്ടും തുറന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള യാര്‍ഡുകള്‍ എന്ന് വിളിക്കപ്പെടുന്ന വിപണികളില്‍ 140-ലധികം പ്രാദേശിക ഫാമുകള്‍ പങ്കെടുക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അഗ്രികള്‍ച്ചറല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഗൈഡന്‍സ് ആന്‍ഡ് സര്‍വീസസ് വിഭാഗം മേധാവി അഹമ്മദ് അല്‍ യാഫി അല്‍ മസ്റൂവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അല്‍ മസ്റൂഹ്, അല്‍ ഖോര്‍-അല്‍ താഖിറ, അല്‍ വഖ്റ, അല്‍ ഷിഹാനിയ, അല്‍ ഷമാല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റുകള്‍ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങാന്‍ അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥിരമായ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ മസ്റൂഹ് മാര്‍ക്കറ്റ് ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കും. എന്നാല്‍ അല്‍ ഖോര്‍-അല്‍ താഖിറ, അല്‍ വക്ര, അല്‍ ഷിഹാനിയ, അല്‍ ഷമാല്‍ മാര്‍ക്കറ്റുകള്‍ വാരാന്ത്യങ്ങളില്‍ (വ്യാഴം മുതല്‍ ശനി വരെ) രാവിലെ 7 മുതല്‍ വൈകിട്ട് 3 വരെയാണ് പ്രവര്‍ത്തിക്കുക.

”ചന്തകളില്‍ വെള്ളരിക്ക, ഇലക്കറികള്‍, മത്തങ്ങ, ബീന്‍സ് എന്നിവയുള്‍പ്പെടെ മിക്ക സീസണല്‍ പച്ചക്കറികളും ലഭ്യമാണ്. പീക്ക് സീസണില്‍ ഒരു മാസത്തിനുള്ളില്‍ തക്കാളി ഉള്‍പ്പെടെ എല്ലാത്തരം നാടന്‍ പച്ചക്കറികളും ലഭ്യമാകും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഖത്തറിലെ ഏറ്റവും ഉയര്‍ന്ന കാര്‍ഷിക സീസണ്‍.

‘പ്രാദേശിക ഫാമുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ, സീസണല്‍ മാര്‍ക്കറ്റുകള്‍ ഈ സീസണില്‍ 14,000 ടണ്‍ പച്ചക്കറികള്‍ വില്‍പ്പനക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍ സീസണിനേക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ കൂടുതലാണ്.
വിത്ത്, വളം, കീടനാശിനികള്‍, ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഖത്തറി ഫാമുകളെ മുനിസിപ്പാലിറ്റി മന്ത്രാലയം പിന്തുണയ്ക്കുന്നുണ്ട്.കൂടാതെ പ്രാദേശിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാര്‍ഷിക ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തുടര്‍ച്ചയായി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് സൗജന്യ വിപണന സേവനങ്ങള്‍ ലഭിക്കുന്നതിനാല്‍ ഈ മാര്‍ക്കറ്റുകളില്‍ പച്ചക്കറികളുടെ വില മന്ത്രാലയത്തിന്റെ ദൈനംദിന ബുള്ളറ്റിന്‍ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.

വിപണിയില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഗുണനിലവാര മാനദണ്ഡങ്ങളും ആവശ്യമായ ആരോഗ്യ സാഹചര്യങ്ങളും പാലിക്കുന്നുവെന്നുറപ്പുവരുത്തും. ഉല്‍പന്നങ്ങള്‍ കീടനാശിനി അവശിഷ്ടങ്ങളില്‍ നിന്ന് മുക്തവും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായിരിക്കണം, അഹമ്മദ് അല്‍ യാഫി വ്യക്തമാക്കി

Related Articles

Back to top button
error: Content is protected !!